ദോഹ: ഖത്തറിന്റെ തീരങ്ങളിലെ ഓളങ്ങളിൽ ഇനിയുള്ള നാലു ദിനങ്ങളിൽ ആഡംബര നൗകകളുടെയും ചെറുവള്ളങ്ങളുടെയും നീരാട്ട്. പഴയ ദോഹ തുറമുഖം വേദിയാകുന്ന പ്രഥമ ഖത്തർ ബോട്ട് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച തുടങ്ങുന്ന ഷോ നവംബർ ഒമ്പത് വരെ നീളും. ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് ഓൾഡ് ദോഹ പോർട്ടിൽ പ്രഥമ ബോട്ട് ഷോ അരങ്ങേറുന്നത്.
ലോകമെങ്ങുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ബോട്ട് ഷോക്ക് ഖത്തർ വേദിയൊരുക്കുന്നത്. മേഖലയിലെതന്നെ ബോട്ട്, കടൽ വിനോദ മേഖലക്ക് പുത്തനുണർവായി മേള മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രദേശിക, മിഡിൽ ഈസ്റ്റ്, അന്താരാഷ്ട്ര തലത്തിലെ ബ്രാൻഡുകളെല്ലാം മേളയുടെ ഭാഗമാവുന്നുണ്ട്. ഓൺഗ്രൗണ്ട് ബോട്ടുകൾ മുതൽ 350ഓളം മറൈൻ ബ്രാൻഡുകൾ വരെ നാലു ദിവസങ്ങളിലായി കാഴ്ചക്കാർക്ക് അത്ഭുത വിരുന്നൊരുക്കും.
മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒയും ബോട്ട് ഷോ സംഘാടകസമിതി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ മുല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിന്റെ സമ്പന്നമായ കടൽ സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനമായാണ് ബോട്ട് ഷോ അരങ്ങേറുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാമെന്ന് സംഘാടകർ അറിയിച്ചു.
സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമ്മദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളും സജ്ജമാണ്. കരകൗശല വൈവിധ്യവും അഭൂതപൂർവമായ രാജകീയ പ്രൗഢിയുമുള്ള ബോട്ടുകളുമായി ഓഷ്യാനിക് ഡിസ്േപ്ല, വാട്ടർസ്പോർട്സ് മേഖലയിൽ 100ലേറെ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ഖത്തർ ബോട്ട് ഷോ മത്സരം, ജലധാര, ലൈവ് മ്യൂസിക്, കാർ പരേഡ്, കുതിരകളുടെ പ്രദർശനം, ഡ്രാഗൻ ബോട്ട് ഷോ എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.