ദേശീയദിനത്തിന് ഒരുക്കങ്ങള്‍ തകൃതി

ദോഹ: ഖത്തര്‍ ദേശീയദിനത്തിന് ദിവസങ്ങള്‍ ബാക്കിരിയിക്കെ, ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി. പ്രധാനകേന്ദ്രമായ ദര്‍ബ് അല്‍ സായിയില്‍ പരമ്പരാഗത തമ്പുകളൊരുക്കിയും കമാനങ്ങള്‍ തീര്‍ത്തും ദേശീയദിനത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഖത്തര്‍ ജനത. അടുത്തുണ്ടായ ശക്തമായ മഴകാരണം നിശ്ചയിച്ച തീയതിക്ക് മുമ്പെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മിക്ക കരാറുകാരും ലക്ഷ്യംവെക്കുന്നത്. 
ആഘോഷങ്ങള്‍ക്കായുള്ള തമ്പുകളും വിവിധ കെട്ടിടങ്ങളും തയാറായിക്കഴിഞ്ഞു. ഇവിടേക്കാവശ്യമായ ലൈറ്റും മറ്റു ക്രമീകരണങ്ങളും വിവിധ പരിശോധനകള്‍ക്ക് ശേഷം ഈ മാസം അഞ്ചോടെയാണ് സജ്ജമാകുക. പൊതുജനങ്ങള്‍ക്കായുള്ള മൈതാനം എട്ടാംതീയതിയോടെ തുറന്നുകൊടുക്കും. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയദിനം. ദര്‍ബ് അല്‍ സായി മൈതാനിയില്‍ ഇതിനോടകം തന്നെ ദേശീയപതാകകള്‍ നാട്ടിയിട്ടുണ്ട്. സ്പോര്‍ട്സ് റൗണ്ട് അബൗട്ടിനും അല്‍ സദ്ദിനും സമീപത്തായി ദോഹ എക്സ്പ്രസ്വേക്കും ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിനും ഇടയിലെ മൈതാനിയിലാണ് ദര്‍ബ് അല്‍ സായി ഒരുങ്ങുന്നത്. ഖത്തറിന്‍െറ സാംസ്കാരിക പരാമ്പര്യം വിളച്ചറിയിക്കുന്ന പ്രദര്‍ശനങ്ങള്‍, ആരോഗ്യ ബോധവല്‍കരണ പരിപാടികള്‍, കുട്ടികള്‍ക്കായുളള വിവിധ മത്സരങ്ങള്‍ തുടങ്ങിയയാണ് ഇവിടെ മുഖ്യമായും നടക്കുക. ഇവിടെ നടക്കുന്ന പ്രദര്‍ശനങ്ങളിലും മറ്റും വിവിധ മന്ത്രാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും. പ്രദര്‍ശനങ്ങള്‍ക്കായുളള സ്റ്റാളുകളുടെ നിര്‍മാണമാണ് ഇവിടെ മുഖ്യമായി നടക്കുന്നത്. 
ദേശീയദിന പരേഡ് നടക്കുന്ന കോര്‍ണീഷിലും ഒരുക്കങ്ങള്‍ തകൃതിയാണ്. കാഴ്ചക്കാര്‍ക്കുള്ള ഗ്യാലറിയും അമീറിനും മറ്റ് ഭരണാധികാരികള്‍ക്കുമുള്ള പവലിയനും നിര്‍മാണത്തിലാണ്. റോഡരികിലെ ഈന്തപ്പനകളില്‍ അലങ്കാര വിളക്കുകള്‍ ഘടിപ്പിക്കുന്നുമുണ്ട്. ഷോപ്പിങ് മാളുകളിലും ചെറുകിട കച്ചവടക്കാരുടെ പക്കലും തൊപ്പികളും ടീഷര്‍ട്ട്, ഷാള്‍, സ്റ്റിക്കര്‍, ദേശീയപതാക എന്നിവ വില്‍പനക്കായി നിരന്നുകഴിഞ്ഞു. ദേശീയ പതാകക്കാണ് ആവശ്യക്കാരേറെ. 
ഒരു മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള കോട്ടണ്‍ പതാകകള്‍ ലഭ്യമാണ്. സാധാരണയുള്ള പതാകക്ക് മീറ്ററിന് 80 മുതല്‍ 100 റിയാല്‍ വരെയാണ് നിരക്ക്. ദേശീയദിനത്തോടനുബന്ധിച്ച് അനേകം സന്ദര്‍ശകരത്തത്തെുന്ന സൂഖ് വാഖിഫിലും ഒരുക്കങ്ങള്‍ തകൃതിയാണ്. ഡിസംബര്‍ 18-ഓടെ ഇവിടം ജനനിബിഢമാവും. ആഘോഷത്തിനായി ഖത്തറിലെ പരമ്പരാഗത നൃത്തമായ അര്‍ദ പരിശീലിക്കുന്നതിനായി പലരും വാളുകളും വാങ്ങിക്കുന്നുണ്ട്. 
അമ്പത് റിയാല്‍ മുതല്‍ 700 റിയാല്‍ വരെയുള്ള വാളുകള്‍ ലഭ്യമാണ്. മെറൂണ്‍ നിറത്തിലുള്ള വസ്ത്രങ്ങളും തയാറാക്കി കഴിഞ്ഞതായി ദോഹയിലെ ഒരു കച്ചവടക്കാരെ പ്രമുഖ പത്രത്തോട് പറഞ്ഞു. കോര്‍ണിഷിലെ പ്രഭാത പരേഡ് കഴിയുന്നതോടെ സൂഖ് വാഖിഫിലേക്ക് ജനങ്ങളുടെ ഒഴുക്ക് വര്‍ധിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.