ദോഹ: കമ്പിളി നൂലുകള്‍ കൊണ്ട് ഭീമന്‍ പുതപ്പ് തുന്നിയുണ്ടാക്കി ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മ. ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന ഗിന്നസ് ഉദ്യമത്തില്‍ ഖത്തറില്‍ നിന്നും സജീവ സാന്നിധ്യമാണുള്ളത്. ന്യൂ സലത്ത പാര്‍ക്കില്‍ ഇന്നലെ നടന്ന പരിപാടിയില്‍ മലയാളികളടക്കം 47 ഇന്ത്യന്‍ വനിതകളാണ് പങ്കെടുത്തത്. 13 മലയാളി വീട്ടമ്മമാരാണ് സംഘത്തിലുള്ളത്.
വിവിധ രാജ്യങ്ങളിലുള്ള അലങ്കാര തുന്നലില്‍ തല്‍പരരായ സ്ത്രീകളുടെ മദര്‍ ഇന്ത്യ ക്രോഷറ്റ് ക്വീന്‍സ് എന്ന ഫേസ്ബുക് കൂട്ടായ്മയാണ് റെക്കോര്‍ഡ് ബുക്കിലേക്ക് ചുവടുവെക്കുന്നത്. ഇതിനായി, വിവിധ രാജ്യങ്ങളില്‍ കഴിയുന്ന 2500ഓളം ഇന്ത്യന്‍ വനിതകള്‍ ചേര്‍ന്ന് 5000 ചതുരശ്ര മീറ്ററില്‍ തീര്‍ക്കുന്ന കമ്പിളിപ്പുതപ്പിന്‍െറ നിര്‍മാണത്തിലാണ് ഖത്തറില്‍ നിന്നുള്ള പ്രവാസി വനിതകളും കണ്ണിചേര്‍ന്നത്. ചെന്നൈയില്‍ നിന്നുള്ള സുഭാഷിണി നടരാജന്‍െറ നേതൃത്വത്തിലാണ് ആഗോളാടിസ്ഥാനത്തില്‍ മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ചെന്നൈ സ്വദേശിനിയായ വൈഷ്ണവി കുപ്പുസ്വാമിയാണ് ഖത്തറിലെ കോ ഓര്‍ഡിനേറ്റര്‍.
നിലവില്‍ ദക്ഷിണാഫ്രിക്കക്കാര്‍ നിര്‍മ്മിച്ച 3,375 ചതുരശ്ര മീറ്റര്‍ ക്രോഷറ്റ് ബ്ളാങ്കറ്റാണ് ഗിന്നസ് റെക്കോര്‍ഡിലുള്ളത്. 5,000 ചതുരശ്ര മീറ്റര്‍ എന്ന പുതിയ ലക്ഷ്യത്തിനായി ഖത്തര്‍ പ്രവാസികള്‍ 142 ക്രോഷെറ്റ് ഷീറ്റുകള്‍ തുന്നിയെടുക്കും. പലപ്രാവശ്യമായാണ് ഇത് പൂര്‍ത്തിയാക്കുന്നത്. അടുത്ത തുന്നല്‍ ക്രിസ്മസ് ദിനത്തിലാണ് നടക്കുക.
ജനുവരി 31 ന് ചെന്നൈയില്‍ നടക്കുന്ന ഗിന്നസ് റെക്കോര്‍ഡ് പരിപാടിയിലേക്ക് ഇവ അയക്കാനുള്ള ഒരുക്കത്തിലാണ് മലയാളി വനിതകളുള്‍പ്പെടെയുള്ള ഈ കരകൗശലക്കാര്‍.
വിവിധ രാജ്യങ്ങളില്‍ നിന്നായി തുന്നിയെടുക്കുന്ന ഈ ബ്ളാങ്കറ്റുകള്‍ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം പാവപ്പെട്ടവരിലേക്കത്തെിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.