ദോഹ: ആധുനിക ഖത്തറിന്‍െറ ശില്‍പി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയുടെ ഓര്‍മ പുതുക്കി ഖത്തര്‍ ദേശീയദിനം ആഘോഷിച്ചു. ദേശീയദിനാഘോഷങ്ങളുടെ മുഖ്യ വേദിയായ ദോഹ കോര്‍ണീഷില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പരേഡ് കാണാന്‍ അതിരാവിലെ തന്നെ എത്തിയത്. കോര്‍ണീഷില്‍ നടന്ന സൈനിക പരേഡ് ഖത്തറിന്‍െറ സൈനിക കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു.
റോഡിന് ഒരു വശത്തുകൂടി പരേഡ് മുന്നേറവേ മറുവശത്തുകൂടി പഴമയുടെ പ്രതാപവും ആധുനികതയുടെ പ്രൗഢിയും പേറുന്ന സുരക്ഷാ വിഭാഗങ്ങളുടെ സായുധ വാഹനങ്ങളും ടാങ്കുകളും പ്രതിരോധ യന്ത്രസംവിധാനങ്ങളും സാവധാനം മുന്നോട്ടുനീങ്ങി. കുതിരപ്പടയാളികളും ഒട്ടകക്കൂട്ടങ്ങളും ഡോഗ് സ്ക്വാഡും ബ്ളാക്ക് ക്യാറ്റ് ഭടന്‍മാരും പരേഡിന് രാജകീയ പ്രൗഢി പകര്‍ന്നു. ഖത്തര്‍ സായുധ സേന, ലഖ്വിയ്യ, അമീരി ഗാര്‍ഡ്, അല്‍ഫസ തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. നൂറുകണക്കിന് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളും അമീരിഗാര്‍ഡിലെ കുട്ടികളും പരേഡില്‍ അണിനിരന്നത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. വിവിധ സൈനിക വിഭാഗങ്ങളുടെ യൂണിഫോം ധരിച്ച് പരേഡില്‍ അണിനിരന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ രാജ്യത്തിന്‍െറ ഭാവിയും സുരക്ഷയും തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതിസാഹസികമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയ അഭ്യാസികളും ഇരമ്പിപ്പാഞ്ഞ യുദ്ധവിമാനങ്ങളും ആകാശത്ത് മഴവില്‍ വര്‍ണങ്ങള്‍ തീര്‍ത്ത വൈമാനികരും കടലിന് മീതെ സാഹസികതയുടെ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയത്. വ്യോമാഭ്യാസ പ്രകടനങ്ങളും പാരച്യൂട്ട് അഭ്യാസങ്ങളും കാണികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റു. ഇതേസമയം, ഖത്തറിന്‍െറ പൗരാണികസ്മരണകളുണര്‍ത്തി ദേശീയപതാകകള്‍ പാറിക്കളിക്കുന്ന പായ്വഞ്ചികള്‍ കോര്‍ണിഷ് കടലില്‍ ജലഘോഷയാത്രയും നടത്തി. ഖത്തറിന്‍െറ നാവിക ശക്തിയുടെ ഭൂതവും വര്‍ത്തമാനവും വരച്ച് കാണിച്ച് കടലില്‍ നടന്ന നാവിക പ്രദര്‍ശനവും രാജ്യത്തിന്‍െറ വ്യോമ ശക്തി അജയ്യമാണെന്ന് പ്രഖ്യാപിച്ച് ആകാശത്ത് നടന്ന വിസ്മയിപ്പിക്കുന്ന സൈനികാഭ്യാസങ്ങളും കോര്‍ണീഷിലത്തെിയ ആയിരങ്ങളെ ആകര്‍ഷിച്ചു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഖത്തര്‍ മുഴുവന്‍ കോര്‍ണിഷിലേക്ക് ഒഴുകുകയായിരുന്നു. കാണികള്‍ക്കായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങള്‍ പരേഡ് തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞു. പരേഡ് കാണാനത്തെിയവരെ കൊണ്ട് കോര്‍ണിഷ് റോഡിന്‍െറ മറുവശത്ത് മനുഷ്യ മതില്‍ തന്നെ രൂപം കൊണ്ടു. നല്ല തണുപ്പിനിടയിലും സ്വദേശികളും വിദേശികളുമായി കൈക്കുഞ്ഞുങ്ങളും സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ ജനാവലി രാജ്യത്തിന്‍െറ ആഘോഷപരിപാടികള്‍ക്ക് സാക്ഷിയാകാന്‍ കോര്‍ണിഷിലേക്ക് ഒഴുകിയത്തെി. കോര്‍ണിഷ് റോഡ് അടച്ചിരുന്നതിനാല്‍ പരിസരത്തെ റോഡുകള്‍ വാഹനങ്ങളെ കൊണ്ടുനിറഞ്ഞു. പ്രധാന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കോര്‍ണിഷിലേക്ക് മുവാസലാത്ത് ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും പലരും കിലോമീറ്ററുകള്‍ അകലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പരേഡ് വീക്ഷിക്കാന്‍ നടന്നത്തെുകയായിരുന്നു.
മുഖത്തും കൈകളിലും ഖത്തര്‍ ദേശീയപതാക ആലേഖനം ചെയ്തും അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും ഇരു കൈകളിലും ദേശീയപതാകളേന്തിയും കാണികള്‍ ഗാലറി നിറഞ്ഞപ്പോള്‍ കോര്‍ണിഷും പരിസരവും ജനസാഗരമായി. ദേശീയ പതാകകകളും അമീറിന്‍െറ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തിലെവിടെയും ദൃശ്യമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാത്രിയിലെ വെടിക്കെട്ട് വീക്ഷിക്കാന്‍ കുടുംബങ്ങളടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.