തൊഴിലാളി റിക്രൂട്ട്മെന്‍റ് നടപടികള്‍ ഇനി ഓണ്‍ലൈന്‍ വഴി

ദോഹ: വിവിധ സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കുമുള്ള തൊഴിലാളികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്‍റ് നടപടികള്‍ ‘ഓണ്‍ലൈന്‍’ വഴിയാക്കിക്കൊണ്ടുള്ള പുതിയ സേവനങ്ങള്‍ക്ക് തുടക്കമായി. തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥിരം റിക്രൂട്ട്മെന്‍റ് സമിതിയാണ് ഈ സംവിധാനം നടപ്പില്‍വരുത്തുക.
വിദേശത്ത് നിന്ന് തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍ തങ്ങളുടെ റിക്രൂട്ട്മെന്‍റ് അപേക്ഷകള്‍ സമിതിയുടെ വെബ്സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.  വിവരസാങ്കേതിക-വാര്‍ത്താവിനിമയ മന്ത്രാലയം നിശ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം തിരിച്ചറിയല്‍ രേഖ (സ്മാര്‍ട്ട് ഐ.ഡി) ഉപയോഗപ്പെടുത്തിയായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ സംവിധാനത്തോടെ റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കുള്ള അപേക്ഷകള്‍ കൂടുതല്‍ ലളിതവും വേഗത്തിലും ചെയ്തുതീര്‍ക്കാവും. മന്ത്രാലയത്തിന്‍െറയും  കമ്പനികളുടെയും സമയം ലാഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് സാധിക്കുമെന്നും വകുപ്പിന്‍െറ ചുമതലയുള്ള ഇബ്രാഹിം അബ്ദുല്ല അല്‍ ദുഹൈമി അറിയിച്ചു. മന്ത്രാലയത്തിന് ലഭിക്കുന്ന അപേക്ഷകള്‍ക്ക് അനുമതി നല്‍കാനോ  നിരസിക്കാനോ മറ്റു പരിശോധനകള്‍ക്കോ റിക്രൂട്ട്മെന്‍റ് കമ്മിറ്റിക്ക് അവകാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ നടത്തിയതിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ റിക്രൂട്ട്മെന്‍റ് അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഇവര്‍ക്ക് മന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പിലാക്കി, തങ്ങളുടെ പേര് ഇത്തരം പട്ടികയില്‍നിന്ന് നീക്കം ചെയ്തതിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 
അര്‍ഹതയുള്ള കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ റിക്രൂട്ട്മെന്‍റ് അപേക്ഷകള്‍ക്കുള്ള അനുമതി ഒരാഴ്ചക്കുള്ളില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അപേക്ഷകളുടെ ബാഹുല്യം കാരണം തെരഞ്ഞെടുപ്പ് കമ്മിറ്റി തീര്‍പ്പ്കല്‍പ്പിക്കാനായി ആഴ്ചയില്‍ നാല് യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നുണ്ടെന്നും നേരത്തെ ഇത് ആഴ്ചയില്‍ രണ്ടുതവണ മാത്രമായിരുന്നു. ആഭ്യന്തര മന്ത്രാലയം, റിക്രൂട്ട്മെന്‍റ് കമ്മിറ്റി, സ്ഥിരം റിക്രൂട്ട്മെന്‍റ് സമിതി, തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത സമിതി തുടങ്ങിയവയുടെയെല്ലാം സഹകരണം വിവിധ നടപടികള്‍ക്ക് ലഭ്യമാണെന്ന് സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ നാസര്‍ ജാബിര്‍ അല്‍ അത്വിയ്യ ‘അല്‍ ശുര്‍ത മാആക്ക്’ എന്ന പൊലീസ് പ്രസിദ്ധീകരണത്തോട് പറഞ്ഞു.
ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ അപേക്ഷയോടൊപ്പം ചില വസ്തുതകള്‍ തെളിയിക്കേണ്ടതുണ്ട്. ഉദാഹരണമായി ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നല്‍കുന്നുണ്ടെന്നും തങ്ങള്‍ക്ക് ആവശ്യമുള്ള തൊഴിലാളികള്‍ ലഭ്യമല്ളെന്നുമുള്ള കാര്യങ്ങള്‍ കാണിച്ചിരിക്കണം. കൂടാതെ ഒരു പ്രത്യേക രാജ്യക്കാര്‍ക്കോ രാജ്യങ്ങള്‍ക്കോ കമ്പനിയില്‍ സംവരണമില്ളെന്ന് വ്യക്തമാക്കുകയും വേണം. വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ തൊഴില്‍ കരാറുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട ചുമതലയും റിക്രൂട്ട്മെന്‍റ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. 
ജോലിക്കായി നേരത്തെ രാജ്യത്തത്തെിച്ച വിദേശികളില്‍ പലരും ജോലിയില്ലാതെ രാജ്യത്തുനിന്ന് പിടിക്കപ്പെടുന്നുണ്ടെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗം കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുമെന്നും ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് ഇസ അല്‍ സയിദ് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.