ദോഹ: ഫുട്ബാൾ മത്സരങ്ങളുടെ വലിയ വിശേഷങ്ങൾക്കിടയിൽ ഖത്തറിന്റെ മണ്ണിൽ ഇന്നു മുതൽ ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള പോരാട്ടത്തിനും തുടക്കം. 2026ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത തേടി ഖത്തർ ഉൾപ്പെടെ ഏഷ്യൻ വൻകരയിലെ ഇത്തിരിക്കുഞ്ഞന്മാരാണ് ഇനിയുള്ള പത്തുദിനം ക്രീസിൽ സിക്സർ മഴക്കൊരുങ്ങുന്നത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് കുട്ടിക്രിക്കറ്റിന്റെ വലിയ പോരാട്ടങ്ങൾ നടക്കുന്നത്. ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം, യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നവംബർ 28 വരെ നീളുന്ന ഏഷ്യൻ ക്വാളിഫയർ ബി ലെവൻ മത്സരങ്ങളിൽ ഏഴ് ടീമുകളാണ് മാറ്റുരക്കുന്നത്. ആതിഥേയരായ ഖത്തറിന് പുറമെ, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഭൂട്ടാൻ, കംബോഡിയ, തായ്ലൻഡ് തുടങ്ങിയ ടീമുകളും മാറ്റുരക്കും.
ആദ്യദിനമായ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഖത്തർ -തായ്ലൻഡ് മത്സരത്തോടെ യോഗ്യത പോരാട്ടത്തിന് തുടക്കമാകും. ഏഷ്യൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നുതന്നെ ഭൂട്ടാൻ - യു.എ.ഇ.യെയും ബഹ്റൈൻ -സൗദി അറേബ്യയെയും നേരിടും. ഓരോ ടീമുകൾക്കും ആറ് മത്സരങ്ങൾ വീതമുള്ളതാണ് യോഗ്യത റൗണ്ട്. ആദ്യ രണ്ടു സ്ഥാനക്കാർ 2025 ആഗസ്റ്റിൽ നടക്കുന്ന റീജനൽ ഫൈനലിലേക്ക് യോഗ്യത നേടും. കുവൈത്ത്, നേപ്പാൾ, ഒമാൻ, ജപ്പാൻ ഉൾപ്പെടെ മറ്റു ഏഴു ടീമുകൾക്കൊപ്പമാണ് റീജനൽ ഫൈനലിൽ ഇവർ കളിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.