ദോഹ: പ്രമേഹത്തിനെതിരായ സന്ദേശം സമൂഹത്തിലേക്ക് പകർന്ന് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യു.ഡി.എ) പ്രമേഹ ദിന വാക്കത്തൺ. അന്താരാഷ്ട്ര പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ആസ്പയർ പാർക്കിൽ നടന്ന വാക്കത്തണിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12,000ത്തോളം പേർ അണിനിരന്നപ്പോൾ, രാജ്യം കണ്ട ഏറ്റവും വലിയ ഡയബറ്റിക് സന്ദേശ സംഗമമായി മാറി.
പ്രമേഹത്തെ കുറിച്ച് സാമൂഹിക ബോധവത്കരണത്തിന് നേതൃത്വം നൽകുകയും, രോഗമുള്ളവരെ തിരിച്ചറിയുകയും ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ച ഉച്ച മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന വാക്കത്തൺ ആസ്പയർ പാർക്കിൽ ഒരുക്കിയത്.
‘പ്രമേഹവും ക്ഷേമവും’ എന്ന മുദ്രാവാക്യവുമായാണ് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യു.ഡി.എ) ആസ്പയർ പാർക്കിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വാക്കത്തൺ സംഘടിപ്പിച്ചത്.
ഉച്ചകഴിഞ്ഞ് 2.30ന് ആസ്പയർ പാർക്കിൽ പ്രമേഹദിന പരിപാടികൾക്ക് തുടക്കമായി. നാലോടെയാണ് വാക്കത്തൺ ആരംഭിച്ചത്. സ്കൂൾ വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ ഉൾപ്പെടെ പൊതുജനങ്ങളുടെ വലിയ പങ്കാളിത്തം വാക്കത്തണിലുണ്ടായിരുന്നു. വിവിധ സംഘടനകളും ആരോഗ്യ പ്രവർത്തകരുമെല്ലാം അണിനിരന്നു.
പ്രമേഹ പരിശോധനയും രോഗപ്രതിരോധം സംബന്ധിച്ച ബോധവത്കരണത്തിനുള്ള പ്ലാറ്റ്ഫോമുകളും സജ്ജമാക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക വിനോദങ്ങളും അവതരിപ്പിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രമേഹ വിഭാഗം, ഹമദ് മെഡിക്കൽ കോർപറേഷൻ.
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ കാൻസർ സൊസൈറ്റി, സിദ്ര മെഡിസിൻ, ഹാർട്ട് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന ആരോഗ്യസ്ഥാപനങ്ങൾ, ഖത്തർ ബയോ മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, എച്ച്.എം.സി പുകയില നിയന്ത്രണകേന്ദ്രം, ഖത്തർ ഫാമിലി ആൻഡ് കമ്യൂണിറ്റി മെഡിസിൻ സൊസൈറ്റി, ഖത്തർ നഴ്സിങ് അസോസിയേഷൻ, നിരവധി സ്വകാര്യ മെഡിക്കൽ സെന്ററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പങ്കാളികളായി.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനു കീഴിലെ വിവിധ അംഗങ്ങളും പങ്കെടുത്തു. വിവിധ കായിക വിനോദങ്ങളും ഒരുക്കിയിരുന്നു.
പ്രമേഹത്തെ മനസ്സിലാക്കുകയും ഇതുസംബന്ധിച്ച് അറിവ് നൽകുകയുമാണ് പ്രമേഹദിനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യു.ഡി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് പറഞ്ഞു.
2021ലെ ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി.എഫ്) കണക്കുകൾ പ്രകാരം പ്രായപൂർത്തിയായ ജനസംഖ്യയുടെ 10.5 ശതമാനവും അല്ലെങ്കിൽ 20-79 വയസ്സുള്ള 537 ദശലക്ഷം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നുവെന്നാണ്. അവരിൽ പകുതിയോളം പേർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ല. 2045ഓടെ, പ്രായപൂർത്തിയായ എട്ടിൽ ഒരാൾ അല്ലെങ്കിൽ ഏകദേശം 783 ദശലക്ഷം ആളുകൾ പ്രമേഹബാധിതരായിരിക്കുമെന്ന് ഐ.ഡി.എഫ് പ്രവചിക്കുന്നു. 46 ശതമാനമാണ് ഈ വർധനവെന്നും വ്യക്തമാക്കി.
പ്രമേഹം ബാധിക്കാനുള്ള സാധ്യതകൾ നേരത്തേ മനസ്സിലാക്കുകയും, തിരിച്ചറിഞ്ഞ ശേഷം, ആവശ്യമായ മുൻകരുതലുകളിലൂടെ പ്രതിരോധിക്കുകയും സമയബന്ധിത ചികിത്സ ഉറപ്പാക്കുകയുമാണ് ഏറ്റും മികച്ച മാർഗമെന്ന് ഡോ. അബ്ദുല്ല അൽ ഹമഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.