ദോഹ: രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ദേശീയ പരിസ്ഥിതിനയവുമായി മന്ത്രാലയം. ഖത്തർ ദേശീയ വിഷൻ 2030ന്റെ അനുബന്ധമായാണ് 2024-2030 ദേശീയ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പുതിയ നയം പ്രഖ്യാപിച്ചു.
‘സുസ്ഥിര പരിസ്ഥിതിയിലൂടെ നല്ലൊരു ഭാവിയിലേക്ക്’ എന്ന പ്രമേയത്തിലൂന്നിയാണ് നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നിർദേശിക്കുന്ന നയം അവതരിപ്പിച്ചത്. ലോകം വലിയതോതിൽ പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സുസ്ഥിരതയിലൂന്നിയ മൂന്നാം ദേശീയ വികസന നയം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
മുൻകാല അനുഭവങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പുതിയകാലത്തെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്ന രീതിയിലായിരിക്കും ഭാവി പ്രവർത്തന ചട്ടക്കൂടെന്ന് വ്യക്തമാക്കി. 2030ഓടെ രാജ്യത്തിന്റെ ഹരിത ഗൃഹവാതക പുറന്തള്ളൽ 25 ശതമാനമായി കുറക്കും.
പാരിസ്ഥിതിക പ്രാധാന്യമുള്ളതും വെല്ലുവിളി നേരിടുന്നതുമായ പ്രകൃതി വിഭവങ്ങളിൽ 30 ശതമാനം പുനഃസ്ഥാപിക്കുക, ദ്വീപുകളുടെയും തീരപ്രദേശങ്ങളുടെയും 30 ശതമാനം സംരക്ഷിക്കുക, തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ 17 വിഭാഗം ജീവി വർഗങ്ങളെ സംരക്ഷിക്കുക എന്നിവ ഉൾക്കൊള്ളുന്നതാണ് ഖത്തറിന്റെ ദേശീയ പരിസ്ഥിതി നയം.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി നൂറിലേറെ പദ്ധതികളും 30ഓളം സംരംഭങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും, കാലാവസ്ഥ മാറ്റത്തിന്റെ വെല്ലുവിളികൾ നേരിട്ടുകൊണ്ടുമുള്ള പരിസ്ഥിതി സൗഹൃദ വികസന നയത്തിനാണ് മന്ത്രാലയം ഉന്നൽ നൽകുന്നത്.
സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി നാല് ഘട്ടങ്ങളായി ബോധവത്കരണ പദ്ധതികൾക്കും രൂപം നൽകും.
ഗുരുതരമായ റേഡിയോ ആക്ടിവ് തരംഗങ്ങളുടെ പ്രത്യാഘാതവും രാസമലിനീകരണവും തടയുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി വിവിധ പദ്ധതികളാണ് വരുന്ന ആറു വർഷത്തിനുള്ളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.
സർക്കുലർ സമ്പദ്വ്യവസ്ഥ, ഹരിത വികസന മാതൃകകൾ പിന്തുടർച്ചകൾ, കാര്യക്ഷമമായ ഊർജ ഉപഭോഗം ഉറപ്പാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.