പത്മശ്രീ നേടിയത് സ്വാധീനം ചെലുത്തിയെന്ന് ആരോപണം

ദോഹ: പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍ പത്മശ്രീ പുരസ്കാരം നേടിയത് സ്വാധീനം ചെലുത്തിയാണെന്ന് ഖത്തറില്‍ പ്രവാസിയായ സി.കെ പത്മനാഭന്‍. ക്രിമിനല്‍ കേസുകളുള്ള ഒരാള്‍ക്ക് പത്മശ്രീ നല്‍കിയതിനെതിരെ കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടെന്നും ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പത്മശ്രീക്ക് വേണ്ടി സുന്ദര്‍ മേനോന്‍െറ പേര് നിര്‍ദേശിച്ചിരിക്കുന്നത് ഗോവയില്‍ നിന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗോവയില്‍ സുന്ദര്‍ മേനോന്‍ സാമൂഹിക പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ളെന്നിരിക്കേ ഇത് സംശയാസ്പദമാണ്. അവാര്‍ഡിന് തെരഞ്ഞെടുക്കുന്ന വ്യക്തിയെക്കുറിച്ച് നടത്തേണ്ട അന്വേഷണം സുന്ദര്‍ മേനോന്‍െറ കാര്യത്തില്‍ നടന്നിട്ടില്ല. ഒരു വ്യവസായിയെ വഞ്ചിച്ചതായി 2015ല്‍ സുന്ദര്‍മേനോനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റ് ചില കേസുകളും അദ്ദേഹത്തിനെതിരെ ഉണ്ടെന്നും പത്നമാഭന്‍ ആരോപിച്ചു. അന്വേഷണത്തെ വഴിതെറ്റിക്കാനായി  യഥാര്‍ഥ പേര് വെളിപ്പെടുത്താതെ മറ്റൊരു പേരിലാണ് അദ്ദേഹം അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ടതും, പത്മശ്രീ ലഭിച്ചതും. അദ്ദേഹം പത്മശ്രീ പേരിനൊപ്പം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് നിലവിലുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. 2011ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുന്ദര്‍മേനോനെ ശുപാര്‍ശ ചെയ്തിരുന്നുവല്ളോ എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ളെന്നായിരുന്നു മറുപടി. 
സുന്ദര്‍ മേനോന്‍െറ സാമൂഹിക സേവനത്തെക്കുറിച്ച് ആക്ഷേപമില്ളെന്നും സി.കെ പത്മനാഭന്‍ വ്യക്തമാക്കി. 

ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല -സുന്ദര്‍മേനോന്‍
ദോഹ: പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.കെ. പത്മനാഭന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോ. സുന്ദര്‍മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
തനിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചതാണ്. മുന്‍ ബിസിനസ് പാര്‍ട്ണറുമായി 2006ല്‍ പിരിഞ്ഞ താന്‍ ദുബൈയിലെ ഷെയറുകള്‍ പൂര്‍ണ്ണമായും വിലകൊടുത്ത് വാങ്ങിയതാണ്. എന്നാല്‍, തര്‍ക്കം നിലവിലുണ്ടെന്ന് കാണിച്ചാണ് തനിക്കെതിരെ പരാതി നല്‍കിയത്. 
ഈ വര്‍ഷം ജനുവരി 16ന് പത്മശ്രീ സാധ്യത പട്ടികയില്‍ തന്‍െറ പേരുണ്ടെന്ന് കണ്ടപ്പോള്‍, ഈ കേസ് വീണ്ടും കുത്തിപ്പൊക്കി സ്വാധീനം ചെലുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കുകയായിരുന്നു. തൃശൂരില്‍ മാത്രമല്ല ഞാന്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്. 
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും സംസ്ഥാനത്തെ മറ്റ് പല സ്ഥലങ്ങളിലും  നടത്തിവരുന്നുണ്ട്. 
ഏതൊരു പൗരനും മറ്റൊരാളെ പത്മശ്രീക്കായി നാമനിര്‍ദേശം ചെയ്യാവുന്നതാണ്. എന്‍െറ പേര് നിര്‍ദേശിച്ചത് ഗോവ ഗവര്‍ണറാണ്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ പേര് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 
ആരോപണങ്ങള്‍ ഉന്നയിച്ച പത്മനാഭനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.