ദോഹ: കളിയിലൂടെ പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകൾക്ക് നായകത്വം വഹിച്ച് ഖത്തർ ഫൗണ്ടേഷനും എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനും. പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ചേർന്ന് ഖത്തർ ഫൗണ്ടേഷനും, വിദ്യാഭ്യാസ ഉന്നമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇ.എ.എയും പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ ഏഷ്യ, മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിൽനിന്നുള്ള പത്തോളം രാജ്യങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതി പാരിസ് ഒളിമ്പിക്സ് വേദിയിൽ പ്രഖ്യാപിച്ചു. സ്ത്രീകൾ, പെൺകുട്ടികൾ, ഭിന്ന ശേഷിക്കാർ എന്നിവരെ സ്പോർട്സിലൂടെ മുഖ്യധാരയിലേക്കും, ലോകോത്തര വേദികളിലേക്കും കൈപിടിച്ചു നയിക്കുകയെന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസവും സമൂഹത്തിലെ തുല്യതയും വളർത്തുക എന്നതിനൊപ്പമാണ് സ്പോർട്സിനും പ്രാധാന്യം നൽകുന്നത്. പാരിസിൽ നടന്ന ടീം ഖത്തർ സ്വീകരണത്തിനിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്മാരുടെയും കായിക താരങ്ങളുടെയും സാന്നിധ്യത്തിൽ ത്രിവത്സര പദ്ധതിക്ക് രൂപം നൽകി. ഖത്തർ, സുഡാൻ, ഇന്ത്യ എന്നിവയുൾപ്പെടെ 10ലധികം രാജ്യങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഭിന്നശേഷിക്കാർ, പാർശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച കായിക അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, അവസരങ്ങൾ എന്നിവ ഒരുക്കിയായിരിക്കും വിപ്ലവകരമായ ദൗത്യം നടപ്പിലാക്കുന്നത്.
പ്രാദേശികമായി ഓരോ രാജ്യത്തിനും ആവശ്യമായ കായിക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. കമ്യൂണിറ്റി സ്പോർട്സ് പ്രോഗ്രാമുകൾ, കാമ്പയിനുകൾ, നയ രൂപവത്കരണം, ലിംഗസമത്വവും എന്നിവയിലൂടെ കുട്ടികളും ചെറുപ്പക്കാരുമടക്കം അര ലക്ഷത്തോളം ഗുണഭോക്താക്കളിലേക്ക് മൂന്നു വർഷത്തിനിടെ പദ്ധതിയെത്തും. പരിശീലകരും അധ്യാപകരുമടക്കം 5000 പേരെ പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കും. പെൺകുട്ടികളും സ്ത്രീകളും, ഭിന്നശേഷിക്കാരും, പാർശ്വവത്കരിക്കപ്പെടുന്ന മറ്റു വിഭാഗങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കുക, ഇതിനായി ധനസമാഹരണവും പരിപാടികളും ആവിഷ്കരിക്കുക, വ്യക്തി-സമൂഹ വികസനത്തിൽ സ്പോർട്സിന്റെ പങ്കാളിത്തം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, സാമൂഹിക വികസനത്തിൽ കായിക മേഖല എന്നിവയെ ഉപയോഗപ്പെടുത്തുന്നതിന് സർക്കാറുകളുടെയും മറ്റും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ.ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് തുടങ്ങിയവർ സംസാരിച്ചു. ഖത്തറിലെ പ്രവർത്തനങ്ങൾക്ക് ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുമ്പോൾ, മറ്റു മേഖലകളിൽ ഇ.എ.എയും ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലെ അതത് സംവിധാനങ്ങളും ഏകോപനം നൽകും. 2024-27 കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായാവും നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.