ദോഹ: ഫലസ്തീനിലും ഗസ്സയിലുമെല്ലാം ഇസ്രായേൽ കൂട്ടക്കശാപ്പ് തുടരുമ്പോൾ ഓരോ വെള്ളിയാഴ്ചകളിലും ദോഹയിലെ വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിനു അബ്ദുൽവഹാബ് ഐക്യദാർഢ്യ ഒത്തുചേരലുകളുടെ ഇടമായിരുന്നു.
ഖത്തറിലെ പ്രവാസികളായ ഫലസ്തീനികൾ മുതൽ ഇറാഖ്, സിറിയ, തുർക്കിയ തുടങ്ങി വിവിധ അറബ് വംശജരും, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഒത്തുചേർന്ന് കൂറ്റൻ ഫലസ്തീൻ പതാകകൾ പറത്തിയും മുദ്രാവാക്യം മുഴക്കിയും ഗസ്സയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചു.
എന്നാൽ, ആഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ചരിത്ര പുസ്തകത്തിൽ മറ്റൊരു ദിനമായാവും അടയാളപ്പെടുത്തുന്നത്. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിന് ജീവൻ ബലിയർപ്പിച്ച് രക്തസാക്ഷിയായി മാറിയ ഇസ്മായിൽ ഹനിയ്യ എന്ന ധീരനായ നേതാവിന് അന്ത്യയാത്ര നൽകാനായിരുന്നു ഈ വെള്ളിയാഴ്ചയിലെ നിശ്ചയം.
ഖത്തറിനെ രാഷ്ട്രീയകാര്യ ഓഫഇസാക്കി ഹമാസിന്റെ നയതന്ത്ര നീക്കങ്ങൾക്കും രാഷ്ട്രീയ തല ചർച്ചകൾക്കുമുള്ള വേദിയാക്കി മാറ്റിയ ഹനിയ്യ, ബുധനാഴ്ച പുലർച്ച തെഹ്റാനിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് ദോഹ ശ്രവിച്ചത്. പള്ളികളിലും വിശേഷ സമ്മേളനങ്ങളിലുമായി കാണപ്പെടുന്ന ഫലസ്തീൻ നേതാവിന്റെ രക്തസാക്ഷിത്വം മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും അറബ് സമൂഹത്തിനും വേദനയായി മാറി.
തൊട്ടുപിന്നാലെ തന്നെ മൃതദേഹം ഖത്തറിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന വാർത്തയുമെത്തി. തെഹ്റാനിൽ ജനാസ നമസ്കാര നടപടികൾ പൂർത്തിയാക്കിയ ശേഷം, വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ദോഹയിലെത്തിച്ചത്.
വെള്ളിയാഴ്ച പുലർന്നതോടെ, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിലേക്കായി ജനസഞ്ചയം. ഉച്ചകഴിഞ്ഞാണ് നമസ്കാരമെങ്കിലും 10 മണിക്ക് പള്ളിയുടെ ഗേറ്റുകൾ തുറക്കും മുമ്പേ ജനമൊഴുകിത്തുടങ്ങി. 45 ഡിഗ്രിയോളം ചൂടിൽ പതക്കുന്ന വെയിലിനെയും കൂസാതെയായിരുന്നു സ്ത്രീകൾ ഉൾപ്പെടെ വിശ്വാസികൾ പള്ളിയിലേക്ക് ഒഴുകിയത്.
കനത്ത സുരക്ഷാ പരിശോധനകൾക്കൊടുവിലായിരുന്നു ഓരോരുത്തരെയും പള്ളിയിലേക്ക് കടത്തിവിട്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിച്ചില്ല. സ്വദേശികളും വിവിധ രാജ്യക്കാരായവരും ഫലസ്തീൻ പതാകയും, ഫലസ്തീൻ ഷാളും തലപ്പാവായ കഫിയ്യയും അണിഞ്ഞ് പള്ളിയിലേക്കെത്തി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ ഉൾപ്പെടെ ഉന്നത ഖത്തരി നേതാക്കൾ ജനാസ നമസ്കാരത്തിൽ അണിചേർന്നു. ജുമുഅ നമസ്കാര ശേഷം, ജനാസ നമസ്കാരത്തിന് മുന്നോടിയായി ആഗോള മുസ്ലിം പണ്ഡിത സഭ അധ്യക്ഷൻ ഡോ. അലി അൽ ഖറദാഗിയും ഹമാസ് നേതാവ് ഖാലിദ് മിഷ്അലും സംസാരിച്ചു.
ഇസ്മായിൽ ഹനിയ്യയുടെ പോരാട്ട ജീവിതത്തെയും രക്തസാക്ഷിത്വത്തെയും വാഴ്ത്തിയും ഖത്തറിന്റെ പിന്തുണക്കും ഇടപെടലിനും നന്ദി അർപ്പിച്ചുമായിരുന്നു മിഷ്അൽ സംസാരിച്ചത്. ‘പോരാളിയായിരുന്നു അവൻ. ഫലസ്തീനികൾക്കിടയിലായിരുന്നു അബൂൽ അബ്ദ് (ഹനിയ്യയുടെ വിളിപ്പേര്) ജീവിച്ചത്.
അവർക്ക് വഴികാട്ടിയായി, നേതാവായി, പ്രധാനമന്ത്രിയായി. അവൻ തന്റെ ലക്ഷ്യത്തിനുവേണ്ടി പോരാടാൻ മാത്രമാണ് ഗസ്സ വിട്ടത്. അബുൽ അബ്ദ് നമുക്കുമുമ്പേ ദൈവത്തിനടുത്തെത്തിയിരിക്കുന്നു. എല്ലാ രക്തസാക്ഷികൾക്കുമൊപ്പമായിരിക്കും ഇനിയുള്ള അവന്റെ ജീവിതം’ -മിഷ്അലിന്റെ വാക്കുകളെ തക്ബീർ മുഴക്കിക്കൊണ്ട് ആയിരങ്ങൾ അഭിവാദ്യം ചെയ്തു.
ഹമാസ് നേതാവ് ഖലീൽ ഹയ്യ നമസ്കാരത്തിന് നേതൃത്വം നൽകി. ലുസൈലിലെ മരണാനന്തര ചടങ്ങുകൾക്കുശേഷം പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് ഹസൻ അൽ ദിദു പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.