ദോഹ: ലോകകപ്പ് മത്സരവേദികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് മാരകമായ അപകടങ്ങളോ മരണമോ സംഭവിച്ചിട്ടില്ളെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി (എസ്.സി.ഡി.എല്‍) റിപ്പോര്‍ട്ട്. സ്റ്റേഡിയം നിര്‍മാണജോലികള്‍ അധികരിച്ച കഴിഞ്ഞവര്‍ഷ കാലയളവിലും മരണഹേതുവാകുന്ന അപകടങ്ങളൊന്നും ഉണ്ടായിട്ടില്ളെന്ന് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച എസ്.സി.ഡി.എല്ലിന്‍െറ ഏറ്റവും പുതിയ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ ജോലികളിലേര്‍പ്പെട്ടിരുന്ന രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, ജോലി സമയത്തല്ല ഇവര്‍ മരിച്ചതെന്നും 50 വയസ് പിന്നിട്ട ഇവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണങ്കാലിന് പരിക്കേറ്റതും വിരലറ്റതുമായ സാരമായ ആറോളം കേസുകളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. ഖത്തറിലെ കൊടുംചൂടില്‍ ലോകകപ്പ് വേദികളുടെ നിര്‍മാണസ്ഥലങ്ങളില്‍ ഹൃദയസ്തംഭനം മൂലം ആളുകള്‍ മരണപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളില്‍ ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഹൃദയാഘാതംമൂലം മരിച്ച രണ്ടുപേരും തണുപ്പുകാലത്താണ് മരണമടഞ്ഞതെന്ന് എസ്.സി.ഡി.എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വേതനവും താമസസൗകര്യങ്ങളടക്കമുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിവിധ പരിശോധനകളിലൂടെ വ്യക്തത വരുത്തുകയും വിവിധ സെറ്റുകളിലെ ഗുണനിലവാരമടക്കമുള്ള പരിശോധനകള്‍ നേരിട്ടു മനസ്സിലാക്കിയുമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ലോകകപ്പ് നിര്‍മാണവേദികളല്ലാത്ത രാജ്യത്തെ മറ്റുപല കേന്ദ്രങ്ങളിലെയും കരാറുകാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ചില മനുഷ്യാവകാശ സംഘടനകളുടെ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടതായി പ്രമുഖ പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഫുട്ബാള്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണ സൈറ്റുകളിലെ പല നിര്‍ദേശങ്ങളും മറ്റു പല കരാറുകാര്‍ക്കും പ്രചോദനമായിട്ടുണ്ടെന്ന് എസ്.സി.ഡി.എല്‍ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വെബ് പോര്‍ട്ടലിനോട് പറഞ്ഞു. രാജ്യത്തെ പല കോണ്‍ട്രാക്ടര്‍മാരും തങ്ങളുടെ കീഴിലെ ജോലിക്കാര്‍ക്ക് മുന്തിയ സൗകര്യങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. നഖീല്‍ ലാന്‍റ്സ്കേപ് കമ്പനി പോലുള്ള കരാറുകാര്‍ 1000 തൊഴിലാളി ലേബര്‍ സിറ്റിയിലേക്ക് മാറ്റിപാര്‍പ്പിച്ചത് ഇതിനുദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ കമ്പനിയുടെ 4000 തൊഴിലാളികളെയും പുതിയ കേന്ദ്രത്തിലേക്കു മാറ്റും.
കുറഞ്ഞവേതനം പറ്റുന്ന ജോലിക്കാരുടെ താമസസൗകര്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ഇവരുടെ റിക്രൂട്ട്മെന്‍റിനായി പണം ഈടാക്കുന്ന പ്രവണത നിലവിലുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും തവാദി പറഞ്ഞു. പ്രധാന കാരാറുകാര്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സബ് കോണ്‍ട്രാക്ടര്‍മാരില്‍ ചിലര്‍ക്ക് സംഘാടകര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പുലര്‍ത്താന്‍ സാധിക്കാതെ വരുന്നുണ്ടെന്നും ഇത്തരം ചിലരെ തങ്ങള്‍ക്ക് ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ടെന്നും എസ്.സി.ഡി.എല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.