തൊഴിലാളികള്‍ക്ക് സാന്ത്വനമേകാന്‍ ഖത്തര്‍ റെഡ് ക്രസന്‍റ് 

ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് സഹായമേകാന്‍ ഖത്തര്‍ റെഡ്ക്രസന്‍റും ഷെവ്റോണ്‍ ഫിലിപ്സ് കെമിക്കല്‍ ഖത്തറും കൈകോര്‍ക്കുന്നു. ‘കാരുണ്യത്തിനായി കൈകോര്‍ക്കാം’ എന്ന പേരിലുളള പദ്ധതി 25,000 വിദേശ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. ഷെവ്റോണ്‍ ഫിലിപ്സ് കെമിക്കല്‍ 930,000 റിയാല്‍ സംഭാവന നല്‍കിയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായത്. 
ഷെവ്റോണ്‍ ഫിലിപ്സ് കെമിക്കല്‍ പ്രസിഡന്‍റ് മൈക്കള്‍ എഫ് സെഗ്ലിന്‍, എച്ച്.ആര്‍. സ്പെഷ്യലിസ്റ്റ് റികാര്‍ഡോ കോസ്റ്റ അല്‍മീഡ എന്നിവര്‍ ചേര്‍ന്നാണ് ഖത്തര്‍ റെഡ്ക്രസന്‍റ് പ്രതിനിധി ഇസ അല്‍ ഇസ്ഹാഖിന് ചെക്ക് കൈമാറിയത്. ക്യു.ആര്‍.സി ജനറല്‍ റിസോഴ്സ് മൊബിലൈസേഷന്‍ തലവന്‍ അഹ്മദ് അല്‍ ഖുലൈഫി, കോര്‍പറേറ്റ് റിസോഴ്സ് മൊബിലൈസേഷന്‍ തലവന്‍ ഹാമിദ് മൊഹറാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് മൂന്ന് ഘട്ടങ്ങളാണുളളത്. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ ചെലവില്‍ 10,000 ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ 30,000 റിയാല്‍ ചെലവിട്ട് 10,000 വാട്ടര്‍, ജ്യൂസ് ബോട്ടിലുകളും മൂന്നാം ഘട്ടത്തില്‍ 5,000 പേര്‍ക്ക് എട്ട് ലക്ഷം റിയാലിന്‍െറ ശൗച്യോപകരണങ്ങളും വിതരണം ചെയ്യും. 
റോഡ്, കെട്ടിട നിര്‍മാണ തൊഴിലാളികളും ശുചീകരണ തൊഴിലാളികളുമായ 25,000 തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാക്കാനാണ് റെഡ് ക്രസന്‍റ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ഖോര്‍ തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളിലേക്ക് പദ്ധതിയുടെ ആനുകൂല്യമത്തെിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 
കാമ്പയിന്‍െറ വിജയത്തിനായി സംഭാവന ചെയ്യാന്‍ അല്‍ ഇസ്ഹാഖ് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ വ്യത്യാസമുണ്ടാക്കാന്‍ ക്യു.ആര്‍.സി.എസുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സെഗ്ലിന്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.