അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ : ഇറാനെ കീഴടക്കി ഖത്തര്‍ ക്വാര്‍ട്ടറില്‍

ദോഹ: ആര്‍ത്തിരമ്പിയത്തെിയ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിയഴക് തീര്‍ത്ത ഖത്തര്‍ പേര്‍ഷ്യന്‍ കടലും കടന്ന്, റിയോ ഒളിമ്പിക്സിലേക്കുള്ള കടമ്പയിലേക്ക് ഒരു പടികൂടി അടുത്തു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ ഇറാനെ തറപറ്റിച്ചത്.  ചൈനക്കെതിരെ  വിജയത്തോടെ അവസാനിച്ചേടത്ത് നിന്ന് തന്നെയായിരുന്നു അബ്ദുല്‍ കരീം ഹസനും സംഘവും തുടങ്ങിയത്. അല്‍ സദ്ദിലെ ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ തുടക്കം മുതല്‍ തന്നെ മികച്ച ആക്രമണ പാടവമാണ് ഇറാനെതിരെ അന്നാബികള്‍ പുറത്തെടുത്തത്. അസാമാന്യ പന്തടക്കവും വേഗതയും സമന്വയിച്ചപ്പോള്‍ ഇറാന്‍ പലപ്പോഴും പതറി. ഇറാന്‍െറ പ്രതിരോധത്തിലെ വിള്ളല്‍ പലപ്പോഴും ഖത്തര്‍ താരങ്ങള്‍ മുതലെടുത്ത് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു. ഇതുപോലൊരു അവസരമാണ് ഖത്തറിന്‍െറ ആദ്യഗോളിന് വഴിതെളിച്ചത്. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച പന്തുമായി ഇറാന്‍ പ്രതിരോധത്തെ പിളര്‍ത്തി ബോക്സില്‍ നിന്നും ലക്ഷ്യത്തിലേക്ക് അഹ്മദ് അലാഉദ്ദീന്‍ നിറയൊഴിച്ചപ്പോള്‍ ഗാലറി ഇളകിമറിഞ്ഞു. 
ആദ്യഗോളിന്‍െറ ആത്മവിശ്വാസത്തില്‍ ഖത്തര്‍ തകര്‍ത്തു കളിച്ചപ്പോള്‍ ഇറാന്‍ ശരിക്കും വിയര്‍ക്കുകയായിരുന്നു. ഖത്തറിന്‍െറ ഓരോ നീക്കവും ഇറാന്‍ ഗോള്‍മുഖത്ത്് അപകടം വിതച്ചു. മികച്ച മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ കാല്‍വെച്ച അബ്ദുല്‍ കരീം ഹസന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്‍െറ മൂന്നാം ഗോള്‍ കണ്ടത്തെിയതോടെ കളിയുടെ മേല്‍ക്കോയ്മ മുഴുവന്‍ ആതിഥേയര്‍ക്കായി. രണ്ടാം പകുതിയില്‍ ഇറാന്‍ ആക്രമണം കനപ്പിച്ചപ്പോള്‍ ഖത്തര്‍ പ്രതിരോധം വിയര്‍ത്തു. 
ഗോളി മുഹന്നദിന്‍െറ മികച്ച സേവുകളും പ്രകടനവും ഖത്തറിന്‍്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതിനിടെ 69ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലത്തെിക്കാന്‍ ഇറാന് കഴിഞ്ഞില്ല. ഗോളിയുടെ മികച്ച സേവിന് മുന്നില്‍ പെനാല്‍ട്ടി പാഴാകുകയായിരുന്നു. പിന്നീട് മികച്ച പ്രത്യാക്രമണവുമായി മുന്നേറിയ ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ചൈനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് മുക്കി സിറിയ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ചൈനയുടെ പ്രതീക്ഷകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറെക്കുറെ അവസാനിച്ചത് പോലെയാണ്. രണ്ട് ജയത്തോടെ ആറ് പോയിന്‍റ് നേടി ഖത്തര്‍ ഗ്രൂപ്പ് എയില്‍ മുമ്പില്‍ നില്‍ക്കുകയാണ്. സിറിയയുമായാണ് ഖത്തറിന്‍െറ അവസാന ഗ്രൂപ്പ് പോരാട്ടം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.