ഗസ്സയിലെ പാര്‍പ്പിട യൂനിറ്റുകള്‍ കൈമാറി

ദോഹ: ഗസ്സ പുനര്‍നിര്‍മാണത്തിന്‍െറ ഭാഗമായി പിതാവ് അമീറിന്‍െറ പേരിലുള്ള ഹമദ് സിറ്റിയില്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കായുള്ള പാര്‍പ്പിട യൂനിറ്റുകളുടെ വിതരണത്തിന്‍െറ ഒന്നാംഘട്ട ഉദ്ഘാടനം ഗസ്സ പുനര്‍നിര്‍മാണ വിഭാഗം ഖത്തര്‍ സമിതി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയും വൈസ്ചെയര്‍മാന്‍ ഖാലിദ് അല്‍ ഹര്‍ദാനും ചേര്‍ന്ന് നിര്‍വഹിച്ചു. 
ഖത്തര്‍ ഗസ്സയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 1060 പാര്‍പ്പിട യൂനിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 25ശതമാനം ജോലികളും പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആഹ്ളാദം നിറഞ്ഞ ചടങ്ങിലാണ് പാര്‍പ്പിടയൂനിറ്റുകള്‍ കൈമാറിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടേയും ചിത്രങ്ങള്‍ ഉയര്‍ത്തിയും അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകളുമായാണ് ഗസ്സ നിവാസികള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഫലസ്തീന്‍ പാര്‍പ്പിട പൊതുമരാമത്ത് മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടന്ന ചടങ്ങില്‍ ഹമാസ് രാഷ്ട്രീയ വിഭാഗം ഉപമേധാവി ഡോ. ഇസ്മാഈല്‍ ഹനിയ്യ, ഫലസ്തീന്‍ പാര്‍പ്പിട വകുപ്പ് മന്ത്രി മുഫീദ് അല്‍ ഹസായിന തടുങ്ങി ഫലസ്തീന്‍ അതോറിറ്റിയിലെ നിരവധി മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു. രണ്ടാം ഘട്ടത്തില്‍ 1200 പാര്‍പ്പിട യൂനിറ്റുകളാണ് വിതരണം ചെയ്യുകയെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും അല്‍ ഇമാദി വ്യക്തമാക്കി. 
കഴിഞ്ഞ കാലങ്ങളിലും എല്ലാകാലവും ഫലസ്തീനൊപ്പവും ഫലസ്തീന് വേണ്ടിയും നിലയുറപ്പിച്ച ഖത്തറിന് എല്ലാ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുകയാണെന്ന് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഗസ്സയുടെ കാര്യത്തില്‍ ഖത്തര്‍ വളരെ വ്യക്തമായ നിലപാടാണ് കൈക്കൊണ്ടത്. അറബ് ലോകത്തിന് തന്നെ അഭിമാനം കൊള്ളാവുന്ന ചുവടുവെപ്പാണ് ഫലസ്തീന്‍െറ കാര്യത്തില്‍ ഖത്തര്‍ സ്വീകരിച്ചിട്ടുള്ളത്. 
ഫലസ്തീനെയും ഗസ്സയെയും സഹായിക്കാന്‍ എന്നും മുന്നിലത്തെിയ രാജ്യം ഖത്തറാണെന്നും ഹനിയ്യ ഓര്‍മിപ്പിച്ചു. ഖത്തറിന്‍െറ ഗസ്സ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിയെ മന്ത്രി മുഫീദ് അല്‍ ഹസായിന അഭിനന്ദിച്ചു. ഖത്തറിന്‍െറ നേതൃത്വത്തിനും ജനതക്കും വിവിധ ചാരിറ്റി സംഘടനകള്‍ക്കും അദ്ദേഹം നന്ദിയറിയിക്കുകയും അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.