മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍  വിലയിരുത്തി അമീര്‍-പുടിന്‍ കൂടിക്കാഴ്ച

ദോഹ: മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിലെ  പ്രതിസന്ധികള്‍ പരിഹരിക്കാനും ശാശ്വതമായ പരിഹാരം കാണാനും റഷ്യയുമായി ചേര്‍ന്ന് ശ്രമിക്കുമെന്ന്  അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ക്രെംലിന്‍ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമീറിനെ പുടിന്‍ സ്വാഗതം ചെയ്തു. ഊര്‍ജ രംഗത്തും പ്രത്യേകിച്ച് ഗ്യാസ് രംഗത്തും നിക്ഷേപ മേഖലയിലും ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍െറ ആവശ്യകത പുടിന്‍ എടുത്തുപറഞ്ഞു. മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
മോസ്കോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കിയ റഷ്യന്‍ സര്‍ക്കാറിനും ജനതക്കും പ്രസിഡന്‍റ് പുടിനും നന്ദി പറഞ്ഞ അമീര്‍, ഇരുരാജ്യങ്ങളും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും ഭാവിയില്‍ ഇത് ശക്തമാകുമെന്നും പ്രത്യാശിച്ചു. മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണും. നിലവിലെ ലോകക്രമത്തില്‍ റഷ്യയുടെ സ്ഥാനം പ്രധാനമാണെന്നും കലുഷിതമായ ഏതാനും രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റഷ്യയുമൊത്ത് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. 
മേഖലയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിശാലമാക്കുന്നത് ഉപകരിക്കുമെന്നും അമീര്‍ വ്യക്തമാക്കി. യമനിലെയും സിറിയയിലെയും ഫലസ്തീനിലെയും ലിബിയയിലെയും ഏറ്റവും പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. മേഖലയുടെയും ജനങ്ങളുടെയും  സുരക്ഷക്കും സാമാധാനത്തിനും ശാശ്വതമായ പരിഹാരം കാണുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. അമീറിനെ കൂടാതെ പ്രതിനിധി സംഘവും റഷ്യന്‍ ഭാഗത്ത് നിന്നും നിരവധി മന്ത്രിമാരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.