സുപ്രീം ആരോഗ്യ, വിദ്യാഭ്യാസ കൗണ്‍സിലുകള്‍ മന്ത്രാലയങ്ങളില്‍ ലയിപ്പിച്ചു

ദോഹ: മന്ത്രിസഭ പുന:സംഘടനക്കൊപ്പം മന്ത്രാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടെ ഘടനയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 
സുപ്രീം ഹെല്‍ത്ത് കൗണ്‍സിലിന്‍െറയും സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും പ്രവര്‍ത്തനം റദ്ദാക്കുകയും  ഇവയെ അതാത് മന്ത്രാലയങ്ങളുമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചതോടൊപ്പം തന്നെയാണ് ഉന്നത ആരോഗ്യ സമിതി മന്ത്രാലയത്തില്‍ ലയിപ്പിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ആരോഗ്യമന്ത്രിയുടെ കീഴിലാണ് വരിക. 
ആരോഗ്യവകുപ്പിന്‍െറ പൂര്‍ണചുമതല  മന്ത്രിയുടെ കീഴിലായിരിക്കും. 2016ലെ പത്താം നമ്പര്‍ ഡിക്രി പ്രകാരം രാജ്യത്ത് ഇനി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്ന സംവിധാനം പ്രവര്‍ത്തിക്കില്ല. ആരോഗ്യമന്ത്രാലയത്തില്‍ ഇനി 18 ഡിപ്പാര്‍ട്ട്മെന്‍റുകളാണുണ്ടാവുക. ആരോഗ്യ മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ്, കമ്യൂണിക്കേഷന്‍, പ്ളാനിങ് ആന്‍റ് ക്വാളിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ ചുമതല ഒരു അണ്ടര്‍ സെക്രട്ടറിക്കായിരിക്കും. സുപ്രീം കൗണ്‍സില്‍ ആരോഗ്യമന്ത്രാലയത്തില്‍ ലയിപ്പിക്കുന്നതിന്‍െറ ഭാഗമായി മൂന്ന് അധിക തസ്തികകള്‍ കൂടി സൃഷ്ടിച്ചിട്ടുണ്ട്. 
മെഡിക്കല്‍ അഫയേഴ്സ്, ഹെല്‍ത്ത് കമീഷന്‍,  മാനേജ്മെന്‍റ് റിലേഷന്‍, വിദേശത്തെ ആരോഗ്യ ചികിത്സ, ഫാര്‍മസി, ഡ്രഗ് കണ്‍ട്രോള്‍ എന്നിവയ്ക്കായി അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി, ഫണ്ട് ചെലവഴിക്കുന്നത് സംബന്ധമായ മേല്‍നോട്ടവും നയരൂപവല്‍കരണവും, ആരോഗ്യ ഇന്‍ഷ്വറന്‍സ്,  ആരോഗ്യ പരിചരണ നിലവാരം,  രോഗികളുടെ സുരക്ഷ, മാനേജ്മെന്‍റ് പ്ളാനിങ്, ഇ ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കായി അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി, സാധാരണ വിഭാഗങ്ങളായ മനുഷ്യവിഭവശേഷി പരിപാലനം, ധനകാര്യവകുപ്പ്, കരാര്‍ സംഭരണ പരിപാലനം,  ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയ്ക്കായി  അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയും പുന:സംഘടിപ്പിച്ചിട്ടുണ്ട്. 
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പുനസംഘടന വരുത്തിയതോടെ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനവും റദ്ദായി. 2016ലെ ഒമ്പതാം നമ്പര്‍ ഡിക്രി പ്രകാരം കൗണ്‍സിലിനെ മന്ത്രാലയവുമായി ലയിപ്പിച്ചു. മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഒരു അണ്ടര്‍ സെക്രട്ടറിയുടെയും അഞ്ച് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരുടെയും തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.