ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ വന്‍കുതിപ്പ്

ദോഹ: മൂന്ന് വര്‍ഷത്തിനിടെ ഖത്തറില്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ നല്ല വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലുണ്ടായ പുരോഗതി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ ‘ഖത്തര്‍ ഐ.സി.ടി ലാന്‍ഡ്സ്കേപ് 2016: ബിസിനസ്’ റിപ്പോര്‍ട്ടിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെ സേവനങ്ങളിലും ഇന്‍റര്‍നെറ്റിന്‍െറ പ്രവേശനത്തിലും 2010 മുതല്‍ സ്ഥിരമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടറുകളുടെ പ്രവേശനം 76 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വെബ്സൈറ്റുകളുടെ കാര്യത്തില്‍ 2010ല്‍ 20 ശതമാനമായിരുന്നത് 2015ല്‍ 39 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ 2012 വരെ കാര്യമായ മാറ്റം ഇതില്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയുള്ളത്. ഓണ്‍ലൈന്‍ വിപണനവും ഉപഭോക്തൃ സേവനവും ഇ-ബാങ്കിങും സാമൂഹിക മാധ്യമങ്ങളും ഇസര്‍ക്കാര്‍ സേവനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനങ്ങളിലും വലിയ വര്‍ധനയുണ്ട്. ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഉപഭോക്തൃ സേവനം നല്‍കുന്നതും കൂടുതലും ഓണ്‍ലൈന്‍ വഴിയാണ്. 2012ല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച 27 ശതമാനമായിരുന്നത് 2015ല്‍ 42 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ സേവനത്തിന്‍െറ കാര്യത്തില്‍ 15 ശതമാനത്തില്‍ നിന്നാണ് 2015ല്‍ 36 ശതമാനമായി വര്‍ധിച്ചത്. 2015 മാര്‍ച്ചിനും 2015 മെയ് മാസത്തിനും ഇടയില്‍ 1,093 വ്യവസായ സ്ഥാപനങ്ങളിലും 300 ഓളം ഐ.സി.ടി സ്ഥാപനങ്ങളിലും നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2022 ഫിഫ ലോകകപ്പും ഖത്തര്‍ ദേശീയ നയരേഖ 2030 ഉം ഐ.സി.ടി വിപണിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് 40 ശതമാനം വ്യവസായ സ്ഥാപനങ്ങളും സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. ഖത്തറില്‍ 44,439 സര്‍ക്കാര്‍ ഇതര വ്യവസായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 12 ലക്ഷത്തോളം പേര്‍ ഇവയില്‍ ജോലി ചെയ്യുന്നു. ഇത്രയും സ്ഥാപനങ്ങളില്‍ പകുതിയും  ഇന്‍റര്‍നെറ്റ് സേവനത്തില്‍ സംതൃപ്തരാണ്. അതേസമയം ഐ.ടി ഉല്‍പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ അധികം സംതൃപ്തരല്ല. ടെലികോം സേവനത്തില്‍ 33 ശതമാനം പേര്‍ മാത്രമാണ് സംതൃപ്തര്‍. ആഗ്രഹിച്ച നിലവാരത്തിലുള്ള സേവനം ലഭിക്കുന്നില്ളെന്ന അഭിപ്രായക്കാരാണ് ബാക്കിയുള്ളവര്‍.  ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ നിരക്കില്‍ 38 ശതമാനമാണ് സംതൃപ്തര്‍. ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, ടെക്നോളജി) അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സര്‍ക്കാരിന്‍െറ പിന്തുണ വ്യവസായ സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാരിന്‍െറ പിന്തുണ ആഗ്രഹിക്കുന്നവര്‍ 54 ശതമാനവും ഐ.ടി.വികസനത്തില്‍ 37 ശതമാനവുമാണ് ആഗ്രഹിക്കുന്നത്. വിവരസാങ്കേതിക വിദ്യകളില്‍ (ഐ.സി.ടി) നിന്നാണ് വ്യവസായത്തിന് കൂടുതലും നേട്ടമുണ്ടാകുന്നതെന്ന് വിശ്വസിക്കുന്നവരാണ് 83 ശതമാനം പേരും. പുതിയ മേഖലകളില്‍ നിന്നും ഉപഭോക്താക്കളെ കണ്ടത്തെുന്നതിനും വിപണി വിപുലീകരിക്കുന്നതിനും ഐ.സി.ടി സഹായിക്കുന്നുണ്ടെന്നും പകുതിയോളം പേര്‍ അഭിപ്രായപ്പെടുന്നു. 
വളര്‍ച്ചക്കും ഖത്തറിന്‍െറ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍കരണത്തിനും ലോകവ്യാപകമായുള്ള പ്രവണത പിന്തുടരുന്നതിനാല്‍ ഐ.സി.ടി വ്യവസായം സഹായിക്കുന്നുണ്ട്. രാജ്യത്തെ ഐ.സി.ടി വ്യവസായം പ്രധാനമായും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഐ.സി.ടിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നാണ് ഐ.സി.ടി സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാകുന്നത്. ഐ.സി.ടി മേഖലയുടെ ഭാവിയിലെ വളര്‍ച്ചയുടെ പ്രധാന പ്രേരകശക്തിയും സര്‍ക്കാരാണ്. 2012നും 2014നും ഇടയില്‍ രാജ്യത്തെ 83 ശതമാനം ഐ.സി.ടി സ്ഥാപനങ്ങളും കുറഞ്ഞത് ഒരു തവണയെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.