എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ യോഗം  അടുത്ത മാസം ദോഹയില്‍

ദോഹ: എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒപെക് രാജ്യങ്ങളും നോണ്‍ ഒപെക് രാജ്യങ്ങളുടെയും യോഗം ഏപ്രില്‍ 17ന് ദോഹയില്‍ ചേരുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രിയും ഒപെക് പ്രസിഡന്‍റുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. കഴിഞ്ഞ മാസം ദോഹയില്‍ ചേര്‍ന്ന സൗദി അറേബ്യ, ഖത്തര്‍, വെനിസ്വേല, റഷ്യ എന്നീ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ യോഗത്തിന്‍െറ തുടര്‍ച്ചയായിട്ടാണ് അടുത്ത മാസം വീണ്ടും എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളു െട പ്രതിനിധികള്‍ സമ്മേളിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ആഗോള തലത്തില്‍ 73 ശതമാനം എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 15 ഒപെക്-നോണ്‍ ഒപെക് രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടാവുക.
എണ്ണ ഉല്‍പാദനം കഴിഞ്ഞ ജനുവരിയിലെ നിരക്കില്‍ പിടിച്ചുനിര്‍ത്താനാണ് ഫെബ്രുവരി അഞ്ചിന് ദോഹയില്‍ ചേര്‍ന്ന പെട്രോളിയം മന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. ആഗോള എണ്ണ ഉല്‍പാദകരിലെ പ്രമുഖരായ സൗദി അറേബ്യയിലെ പെട്രോളിയം മന്ത്രി അലി അല്‍ നുഐമി, റഷ്യയുടെ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാക്, വെനിസ്വേലയിലെ പെട്രോളിയം മന്ത്രി യൂലോജിയോ ദെല്‍ പിനോ,  ഖത്തര്‍ ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ എന്നിവരാണ് ദോഹയില്‍ യോഗം ചേര്‍ന്നത്. ഇതില്‍ റഷ്യ ഒഴികെയുള്ള രാജ്യങ്ങള്‍ എണ്ണ ഉല്‍പാദകരാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളാണ്. വരും മാസങ്ങളില്‍ വില നിരീക്ഷിച്ച ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രിമാര്‍ അറിയിച്ചിരുന്നു. പ്രധാന ഉല്‍പാദന രാജ്യങ്ങളുടെ തീരുമാനം അംഗീകരിച്ച് ഒപെകിലെ മറ്റു അംഗരാജ്യങ്ങളും ഉല്‍പാദനം പിടിച്ചുനിര്‍ത്തുന്ന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.