പൊടി രൂക്ഷമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ദോഹ: അന്തരീക്ഷത്തിലെ രൂക്ഷമായ പൊടിയും ശക്തമായ കാറ്റും ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിപടലം മൂലം കാഴ്ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
പൊടിപടലം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും മറ്റും രക്ഷ തേടുന്നതിനാവശ്യമായി സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 
പ്രായമായവരും ആസ്തമ രോഗികളും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവരും പൊടി നേരിട്ടേൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ഇതോടൊപ്പം തന്നെ, അടുത്തിടെ മൂക്ക്, നേത്ര സംബന്ധമായ ശസ്ത്രക്രിയകൾക്ക് വിധേയമായവരും ശ്രദ്ധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. മുഖം, മൂക്ക്, വായ തുടങ്ങിയ അവയവങ്ങൾ നിരന്തരമായി കഴുകി വൃത്തിയാക്കണമെന്നും ഇത് കൂടുതൽ പരിരക്ഷ നൽകുമെന്നും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ ശ്രമിക്കണമെന്നും കൈ കൊണ്ട് കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി ജനങ്ങളോടാവശ്യപ്പെട്ടു. 
ഏതെങ്കിലും തരത്തിലുള്ള അലർജി ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും ശ്വാസസംബന്ധമായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അടിയന്തിര വിഭാഗത്തിൽ എത്തണമെന്നും അധികൃതർ പൊതു ജനങ്ങളോടാവശ്യപ്പെട്ടു. 
അതേസമയം, ദോഹയിലെ ഏറ്റവും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കുറഞ്ഞത് 26 ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. കടലിലും കരയിലും ശക്തമായ കാറ്റ് വീശാനിടയുണ്ടെന്നും ബന്ധപ്പെട്ട അതോറിറ്റി വ്യക്തമാക്കുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.