ദോഹ: ഖത്തറും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യകൈമാറ്റം പത്തു ബില്യണ്‍ ഖത്തർ റിയാലിലേക്കെത്തി. 2016നെ അപേക്ഷിച്ച് വാണിജ്യകൈമാറ്റത്തില് 35ശതമാനമാണ് വര്‍ധന. കഴിഞ്ഞവര്‍ഷം മാത്രം 45,000 ചൈനീസ് വിനോദസഞ്ചാരികൾ ഖത്തറിലെത്തി. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 26ശതമാനമാണ് വര്‍ധന. ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഹി ലീ ചിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനറല്‍ ടൂറിസം അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഖത്തറിലേക്ക് വിനോദസഞ്ചാരികൾ വലിയതോതില്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ചൈനയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി പ്രതിനിധി ഓഫീസ് തുറന്നതും ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് ഖത്തറിലേക്ക് മുന്‍കൂര്‍ വിസ ഒഴിവാക്കിയതും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഖത്തര്‍ അടുത്തിടെ കൈക്കൊണ്ട സാമ്പത്തിക പരിഷ്കരണങ്ങളെയും നിക്ഷേപനിയമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഖത്തറിന്റെ നാലാമത്തെ വലിയ വാണിജ്യപങ്കാളിയാണ് ചൈന. ഖത്തറില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതകം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നവരില്‍ രണ്ടാംസ്ഥാനം ചൈനയ്ക്കാണെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് പ്രതിസന്ധി രണ്ടുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വാണിജ്യ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരി വിപണിയില്‍ സാധ്യതകളും അവസരങ്ങളും സൃഷ്ടിക്കാന്‍ ചൈനീസ് കമ്പനികളും ബാങ്കുകളും വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20ലധികം സുപ്രധാന ചൈനീസ് കമ്പനികള്‍ ഖത്തര്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷാ, സാംസ്കാരിക, കായിക, വിദ്യാഭ്യാസ മേഖലകളില്‍ ഖത്തറും ചൈനയും തമ്മില്‍ സഹകരണം വളര്‍ച്ച കൈവരിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സുരക്ഷാ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. പാകിസ്താനില്‍ രണ്ടു ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഊര്‍ജപ്ലാന്റ് നിര്‍മിക്കുന്നതിനെ ഖത്തര്ചൈനീസ് സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്കുള്ള ഖത്തറിന്റെ പിന്തുണയും അദ്ദേഹം പ്രശംസിച്ചു.
ഖത്തരി^ചൈനീസ് നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 30ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അംബാസഡര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ജൂലൈ ഒമ്പതിനാണ് ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.