ദോഹ: ലോകകപ്പ് സംഘാടനത്തിന്റെ പൊൻതൂവലുകളുമായി ലോകത്തിനു മുന്നിൽ തലയുയർത്തിനിന്ന 2022ൽ ടൂറിസത്തിലും വൻ കുതിപ്പുമായി ഖത്തർ. ലോകത്തുടനീളമുള്ള 14 ലക്ഷം ആളുകളാണ് ലോകകപ്പ് കാലത്ത് ഖത്തറിലെത്തിയതെന്നാണ് റിപ്പോർട്ട്. 29 ദിവസം നീണ്ടുനിന്ന ലോകകപ്പ് കാലത്ത് രാജ്യത്തിന്റെ കലാ, സാംസ്കാരിക കേന്ദ്രങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും വിദേശ സഞ്ചാരികൾ ഏറെ താൽപര്യം കാട്ടിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തിയവർ ഖത്തറിലെ ആഘോഷ-പ്രദർശന പരിപാടികൾക്കും മറ്റ് പ്രധാന സംഭവങ്ങൾക്കുമൊക്കെ സാക്ഷികളാകാനും സമയം കണ്ടെത്തി.
കോവിഡ് മഹാമാരി കൊട്ടിയടച്ച കാലത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് ജനം തിരിച്ചെത്തിയശേഷം 2022 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ദശലക്ഷത്തിലേറെ ആളുകൾ ഖത്തറിലെത്തിയിരുന്നു. ജനുവരി മുതൽ ജൂൺ വരെ 7.29 ലക്ഷം പേരാണ് ഖത്തറിലെത്തിയതെന്ന് ഖത്തർ ടൂറിസം അധികൃതർ വ്യക്തമാക്കി. 2021 ജനുവരി മുതൽ ഡിസംബർ വരെ എത്തിയ ആളുകളേക്കാൾ 19 ശതമാനം കൂടുതലാണിത്. 2021ൽ മൊത്തം 6.11 ലക്ഷം പേരാണ് ഖത്തറിലെത്തിയത്. ഈ വർഷം ജൂണിൽ മാത്രം 1.49 ലക്ഷം പേരെത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വേനൽ മാസങ്ങളിലെ ഏറ്റവും ഉയർന്ന സന്ദർശക നിരക്കാണിത്.
ഖത്തർ ടൂറിസം കണക്കുകൾ പ്രകാരം 2021 ഡിസംബർ മുതൽ 2022 ജൂൺ വരെ 101,000 സന്ദർശകർ കപ്പൽമാർഗം ഖത്തറിലെത്തി. 34 ക്രൂസ് ഷിപ്പുകളിലായാണിത്. കഴിഞ്ഞ വർഷം ഈ കാലയളവിലെത്തിയ മൊത്തം യാത്രക്കാരുടെ 12 ശതമാനമാണിത്. ഫിഫ ലോകകപ്പിന്റെ ആവേശങ്ങൾക്ക് തുടക്കമായതോടെ ഒക്ടോബറിൽ യാത്രക്കാരുടെ ഒഴുക്ക് കൂടി. 1.8 ലക്ഷം പേരാണ് ഒക്ടോബറിൽ ഖത്തറിലെത്തിയത്. ആറു വർഷത്തിനിടെ ഈ സമയത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകനിലവാരത്തിൽ പടുത്തുയർത്തിയ പുതിയ ആഡംബര ഹോട്ടലുകളും ഫുവൈരിത് കൈറ്റ് ബീച്ച്, റിക്സോസ് ഗൾഫ് ഹോട്ടൽ ദോഹ, ദ ഔട്ട്പോസ്റ്റ് അൽ ബരാരി ഉൾപ്പെടെയുള്ള റിസോർട്ടുകളുമൊക്കെ സന്ദർശകരെ സ്വീകരിക്കാൻ ഇതിനകം സജ്ജമായിക്കഴിഞ്ഞിരുന്നു. പുതിയ ലക്ഷ്വറി മാളുകളും വെസ്റ്റ് ബേ ഏരിയയിലെ പബ്ലിക്ക് ബീച്ചുകളുമൊക്കെ സന്ദർശകർക്ക് നവ്യാനുഭവമായി.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് ഉൾപ്പെടെയുള്ളവ വീണ്ടും തുറന്നതും ലുസൈൽ ബൊളേവാഡ് പോലുള്ള അത്യാകർഷകമായ പുതിയ ഇടങ്ങൾ അവതരിച്ചതും ഫുട്ബാളിനപ്പുറമുള്ള അനുഭവങ്ങൾ സന്ദർശകർക്കേകി.
ദോഹ: മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യത്തെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചപ്പോൾ തങ്ങളുടെ ടീമുകളെ പിന്തുണക്കുന്നതിനായി നിരവധി ആരാധകരാണ് ഖത്തറിലേക്ക് യാത്ര ചെയ്തത്. ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകകപ്പ് ആരംഭിച്ച നവംബർ മാസത്തിൽ രണ്ടാഴ്ചക്കുള്ളിൽ മാത്രം ആറു ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെയാണ് ആഗോള കായിക ചാമ്പ്യൻഷിപ്പിലേക്ക് ഖത്തർ സ്വാഗതം ചെയ്തത്.
സൗദി അറേബ്യയിൽനിന്നുള്ള സന്ദർശകരാണ് ഏറ്റവും മുന്നിൽ. ആകെ അന്താരാഷ്ട്ര സന്ദർശകരുടെയും 16 ശതമാനം ഈ അയൽരാജ്യത്ത് നിന്നുമായിരുന്നു. തൊട്ടുപിറകെ ഇന്ത്യ (എട്ടു ശതമാനം), അമേരിക്ക (ഏഴു ശതമാനം) എന്നിവരുമുണ്ട്. ആകെ സന്ദർശകരിൽ ബ്രിട്ടനിൽനിന്ന് ആറു ശതമാനവും മെക്സിക്കോയിൽനിന്ന് അഞ്ചു ശതമാനവുമാണ് ഖത്തറിലെത്തിയത്. അന്താരാഷ്ട്ര സന്ദർശകർ കൂടുതലെത്തിയ രാജ്യങ്ങളിൽ ആദ്യ 10 സ്ഥാനങ്ങളിൽ അർജന്റീന, ഫ്രാൻസ്, ഈജിപ്ത്, ഇറാൻ, കുവൈത്ത് എന്നിവയും ഉൾപ്പെടും. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ്, മിഡിലീസ്റ്റ് രാജ്യമെന്ന നിലയിൽ ചരിത്രനേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ടൂർണമെൻറുമായി ബന്ധപ്പെട്ട് നിരവധി റെക്കോഡുകളും ഖത്തർ ലോകകപ്പ് നേടിയിട്ടുണ്ട്.
ഉദ്ഘാടന ദിവസമായ നവംബർ 20 വരെ 2.95 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2018 റഷ്യൻ ലോകകപ്പിൽ ഇത് 2.4 ദശലക്ഷം മാത്രമായിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജൻറീന-മെക്സിക്കോ മത്സരത്തിനെത്തിയത് 88,966 പേരാണ്. 1994നുശേഷമുള്ള ഏറ്റവും ഉയർന്ന കാണികളുടെ എണ്ണമാണിത്. സ്റ്റേഡിയത്തിനുപുറത്ത് ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിലും ഖത്തർ റെക്കോഡുകൾ ഭേദിച്ചു മുന്നേറി. മത്സരങ്ങൾക്കിടയിൽ അന്താരാഷ്ട്ര സന്ദർശകർക്കായി ഖത്തർ ടൂറിസം അവതരിപ്പിച്ച പുതിയ കാമ്പയിനായ ‘ഫുട്ബാൾ ഇല്ലേ, വിഷമിക്കേണ്ട’ എന്നതിൽനിന്നും ആരാധകർ പ്രചോദനമുൾക്കൊണ്ടിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റാലിയൻ ഫുട്ബാളിലെ സൂപ്പർ താരമായിരുന്ന ആന്ദ്രേ പിർലോയെ മുൻനിർത്തി നർമപരസ്യങ്ങളിലൂടെയാണ് കാമ്പയിൻ അവതരിപ്പിക്കപ്പെട്ടത്. സൂഖ് വാഖിഫിലെ തിരക്കേറിയ തെരുവുകൾ മുതൽ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലെ ഏറ്റവും അതിശയകരവും അപൂർവവുമായ ശേഖരങ്ങൾ വരെ ഇതിലുൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.