ദോഹ: ഞായറാഴ്ച ഉച്ച 12.30ന് ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത് 150ലേറെ യാത്രക്കാർ.
ഞായറാഴ്ച ഉച്ചക്ക് ടേക്ക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്. സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു തന്നെ പരിശോധന നടത്തിയെങ്കിലും പുറപ്പെടാനായില്ല. നട്ടുച്ചസമയത്തെ കടുത്ത ചൂടിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളമാണ് നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായത്.
ഉടൻ പുറപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ടു മണിക്കൂർ കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ തന്നെ ഇരുത്തുകയായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ചിലർ താമസ സ്ഥലങ്ങളിലേക്കും മടങ്ങി.
തിങ്കളാഴ്ച ഉച്ചക്കുള്ള വിമാനം പറന്നുയർന്നിട്ടും, തലേന്ന് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവർ കാത്തിരിപ്പിൽ തന്നെയാണ്. അതേസമയം, വൈകിയ വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.