ദോഹ: 2021 നവംബറിൽ ഖത്തറിലെ പുതിയ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 29.9 ശതമാനം വർധന രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. നവംബർ മാസത്തിൽ 6882 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ കണക്കുകൾ പ്രകാരം 35.8 ശതമാനം വർധന രേഖപ്പെടുത്തി. 4335 പുതിയ സ്വകാര്യ വാഹനങ്ങളാണ് നവംബറിൽ രജിസ്റ്റർ ചെയ്തത്. 2020 നവംബർ മാസത്തെ അപേക്ഷിച്ച് 29.9 ശതമാനം വർധനയാണിത്. 2020 നവംബറിൽ 3317 പുതിയ സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെന്നും പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നവംബർ മാസത്തിൽ ആകെ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളിൽ 63 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 590 പുതിയ സ്വകാര്യ മോട്ടോർ സൈക്കിളുകളും ഈ മാസം രജിസ്റ്റർ ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 46 ശതമാനം വർധനയാണിത്. ഇക്കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ എണ്ണം 1322 ആണ്. 2021 ഒക്ടോബറിനെ അപേക്ഷിച്ച് രജിസ്ട്രേഷനിൽ 24.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, 2020 നവംബറിനെ അപേക്ഷിച്ച് 29.1 ശതമാനം വർധനയും രേഖപ്പെടുത്തി. ആകെ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളിൽ നാലു ശതമാനമാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ.
നവംബർ മാസത്തിൽ 68,710 വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയതായും 30,870 വാഹനങ്ങളുടെ ഉടമസ്ഥതാവകാശം കൈമാറ്റം ചെയ്യപ്പെട്ടതായും പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ 1,99,504 ഗതാഗത നിയമ ലംഘനം അധികൃതർ രജിസ്റ്റർ ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. 2021 ഒക്ടോബറിനെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണിത്. എന്നാൽ, മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ 31.7 ശതമാനം വർധനയുണ്ടായി. 6105 സിഗ്നൽ നിയമലംഘനങ്ങളും ഇവയിലുൾപ്പെടും. നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുക, നമ്പർ പ്ലേറ്റ് മറച്ചുപിടിക്കുക, വലിയ ശബ്ദത്തിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.