ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്രക്കായി 4000 ബസുകൾ വിന്യസിക്കുമെന്ന് മുവാസലാത്ത് (കർവ) അറിയിച്ചു. 2300ലധികം പുതിയ ബസുകൾ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായി എത്തിച്ചതായും ടൂർണമെൻറ് കാലയളവിൽ പൊതുഗതാഗത ബസുകൾ ഉൾപ്പെടെ ഏകദേശം 4000 ബസുകൾ വിന്യസിക്കുമെന്നും മുവാസലാത്ത് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി ഖാലിദ് കഫൂദ് പറഞ്ഞു.
ലോകകപ്പിനായി 800 ടാക്സികളും നിരത്തിലിറക്കുമെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് പുതിയ കർവ ഫോക്സ് ഇക്കോണമി സേവനത്തിനു കീഴിലായി ഈയിടെ 1300 ടാക്സികൾ ആരംഭിച്ചതായും ഖാലിദ് കഫൂദ് ചൂണ്ടിക്കാട്ടി.
കർവ ടാക്സി ആപ് വഴി യാത്രക്കാർക്ക് ബജറ്റ് നിരക്കിൽ ഈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിസ്ഥിതിസൗഹൃദ ഗതാഗതമെന്ന ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി മുവാസലാത്തിന് 850ലധികം ഇലക്ട്രിക് ബസുകളുണ്ടെന്നും അവ സീറോ കാർബൺ എമിഷൻ, ശബ്ദരഹിതം എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും കഫൂദ് കൂട്ടിച്ചേർത്തു.
കമ്പനിക്ക് 1600ലധികം ഹൈബ്രിഡ് ബസുകളുണ്ടെന്നും ഏറ്റവും പുതിയ ഡീസൽ പവർ ഫ്ലീറ്റ്, യൂറോ–സിക്സ് എൻജിൻ ഉപയോഗിച്ചുള്ള പ്രവർത്തനം, വാഹനങ്ങളുടെ പുകമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്ന ആർ.ഡബ്ല്യു സാങ്കേതികവിദ്യ എന്നിവ ഇതിന്റെ സവിശേഷതകളാണെന്നും അദ്ദേഹം വിശദീകരിച്ചു.
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക് ബസ് ചാർജിങ് സ്റ്റേഷനുകളും പൂർണശേഷിയോടെ പ്രവർത്തിക്കുന്നു. വിവിധയിടങ്ങളിൽ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കുന്നതിന് സഹായിക്കുന്ന ഉയർന്ന ഇലക്ട്രിക് ബസുകളും ഇലക്ട്രിക്–ഹൈബ്രിഡ് ടാക്സികളും ഉപയോഗിക്കുന്ന ഫിഫയുടെ ആദ്യ ലോകകപ്പായിരിക്കും ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.