ദോഹ: ചൈനയുടെ റോക്കറ്റിൻെറ അവശിഷ്ടങ്ങൾ പതിക്കൽ ഭീഷണിയിൽ നിന്ന് ഖത്തർ അടക്കമുള്ള അറബ് രാജ്യങ്ങൾ സുരക്ഷിതം. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ് റീ എൻട്രി മാപ്പിൻെറ അടിസ് ഥാനത്തിലാണ് വിവരം. ഏപ്രിൽ 28നാണ് ചൈനയുടെ ബഹിരാകാശ സ്റ്റേഷനിൽ നിന്ന് ലോങ് മാർച്ച് 5B റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മൊഡ്യൂലർ സ്പേസ് സ്റ്റേഷൻെറ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29നാണ് റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്.
തിരിച്ചിറക്കത്തിലാണ് റോക്കറ്റിൻെറ നിയന്ത്രണം നഷ്ടമായത്. 18000 കിലോഭാരമുള്ള റോക്കറ്റിൻെറ ഭാഗമാണ് ഭൂമിയിൽ പതിക്കാനൊരുങ്ങുന്നത്. ലോകത്തിൻെറ ഏത് ഭാഗത്തും ഞായറാഴ്ച്ച എട്ട് മണിക്കൂറിനിടെ റോക്കറ്റിൻെറ അവശിഷ്ടങ്ങൾ പതിക്കാനാണ് ഏറ്റവും ഒടുവിലത്തെ പ്രവചനമെന്ന് യു.എസ്. എയറോസ്പേസ് കോർപറേഷൻ പറയുന്നു. ഒരു പക്ഷേ ഇത് കടലിൽ പതിച്ചില്ലെങ്കിൽ വൻനാശനഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, ലെബനാൻ, യെമൻ എന്നീ രാജ്യങ്ങൾ ചൈനീസ് റോക്കറ്റ് വീഴ്ചയുടെ പ്രശ്നങ്ങളിൽ നിന്ന് മുക്തമായിരിക്കും.
എന്നാൽ റോക്കറ്റ് അവശിഷ്ടങ്ങൾ അറബ്ലോകത്തിൻെറ മുകളിലൂടെ ശനിയാഴ്ച രാത്രി കടന്നുപോകും. വൈകുന്നേരം 6.30നായിരിക്കും ഇത് ആദ്യം അറേബ്യൻ ഗൾഫിൽ സംഭവിക്കുക. പിന്നീട് രാത്രി 8.03ന് ഈജിപ്തിന് മുകളിലൂടെയും കടന്നുപോകും. മൂന്നാമതും നാലാമതുമായി രാത്രി 9.30നും 11 മണിക്കും വടക്കുപടിഞ്ഞാറൻ ആഫ്രിക്കക്ക് മുകളിലൂടെയും ഇത് സംഭവിക്കും. എന്നാൽ ഇത് ഈ രാജ്യങ്ങളിൽ അപകടകരമാകില്ലെന്നും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം റോക്കറ്റിൻെറ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ കത്തിത്തീരുമെന്നും ഇതിനാൽ അപകടമുണ്ടാകാൻ സാധ്യത ഇല്ലെന്നുമാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം പറയുന്നത്. റോക്കറ്റിൻെറ നിയന്ത്രിക്കാനാവാത്ത വീഴ്ചയുടെ സാധ്യത യു.എസ് സ്പേസ് കമാൻറ് കണ്ടെത്തിയെന്ന യു.എസ് മിലിട്ടറിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ചൈനയുടെ വിശദീകരണം.
0419 ജി.എം.ടി സമയക്രമത്തിലുള്ള ലോകത്തിൻെറ ഭാഗങ്ങളിൽ ഞായറാഴ്ച എട്ട് മണിക്കൂറിനിടെ റോക്കറ്റിൻെറ അവശിഷ്ടങ്ങൾ പതിക്കാനാണ് കൂടുതൽ സാധ്യത.സെൻറർ ഫോർ ഓർബിറ്റൽ റീ എൻട്രി ആൻറ് ഡെബ്രിസ് സ്റ്റഡീസ് (സി.ഒ.ആർ.ഡി.എസ്) റിപ്പോർട്ടുകൾ പ്രകാരം ന്യൂസിലാൻറിൻെറ വടക്കൻ ദ്വീപിന് അടുത്തായിരിക്കും റോക്കറ്റിെൻറ അവിശ്ഷ്ടങ്ങൾ പതിക്കുക. എന്നാൽ ഇവയുടെ വരവിൻെറ പാതയിലുള്ള ലോകത്തിൻെറ ഏത് ഭാഗത്തെയും പ്രദേശങ്ങൾക്ക് നാശമുണ്ടാകാനും സാധ്യതയുണ്ട്. ഭ്രമണപഥത്തിലേക്കുള്ള വരവും പോക്കും, റോക്കറ്റുകൾ അടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ പതിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രമാണ് സി.ഒ.ആർ.ഡി.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.