ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകീട്ടോടെ ഉസ്ബകിസ്താനിലെ സമർഖന്ദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് ഷൗതക് മിർസിയോവേവിന്റെ നേതൃത്വത്തിൽ രാജകീയ വരവേൽപ് നൽകി.
ഉസ്ബകിസ്താനിലെ സന്ദർശനം പൂർത്തിയാക്കിയശേഷം വ്യാഴാഴ്ച കസാഖ്സ്താനിലെത്തി അസ്താന അന്താരാഷ്ട്ര ഫോറത്തിൽ അമീർ പങ്കെടുക്കും. കിർഗിസ്താൻ, തജികിസ്താൻ രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി അമീർ സന്ദർശിക്കും.
സമർകന്ദ് വിമാനത്താവളത്തിൽ ഉസ്ബക് പ്രധാനമന്ത്രി അബ്ദുല്ല അരിപോവ്, വിദേശകാര്യമന്ത്രി ബക്തിയോർ സൈദോസ്, ഖത്തർ അംബാസഡർ ഹസൻ ബിൻ ഹംസ ഹാഷിം ഉൾപ്പെടെ ഉന്നതരും പങ്കെടുത്തു.
മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഭരണകർത്താക്കളുടെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദർശനം ആരംഭിച്ചത്. ഖത്തറും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സൗഹൃദബന്ധം കൂടുതൽ ഊഷ്മളമാക്കുകയും ലക്ഷ്യമാണ്. സന്ദർശനത്തിനിടയിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി അമീർ കൂടിക്കാഴ്ച നടത്തുകയും പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അമീറിനൊപ്പം വ്യാപാരപ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഉന്നതസംഘവും അകമ്പടിയായുണ്ട്. ജൂൺ എട്ടിനും ഒമ്പതിനുമാണ് അസ്താന അന്താരാഷ്ട്ര ഫോറം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.