ദോഹ: കാത്തുകാത്തിരിക്കുന്ന ചരിത്രനേട്ടത്തിലേക്ക് ഇനി രണ്ടു ചുവടുമാത്രമാണ് അകലം. 2019ൽ യു.എ.ഇയുടെ മണ്ണിൽ ചൂടിയ വൻകരയുടെ കിരീടം സ്വന്തം മണ്ണിൽ, നാട്ടുകാർക്കു മുന്നിൽ ചൂടാനുള്ള ഖത്തറിന്റെ സ്വപ്നങ്ങളിലേക്ക് രണ്ടു കളിയുടെ ദൂരം. ഏഷ്യൻ കപ്പ് സെമിഫൈനലിലെ നിർണായക അങ്കത്തിൽ ഹസൻ അൽ ഹൈദോസും സംഘവും അൽതുമാമ സ്റ്റേഡിയത്തിൽ ബുധനാഴ്ച ഉച്ചക്ക് ബൂട്ടുകെട്ടുമ്പോൾ മുന്നിൽ കരുത്തരായ എതിരാളിയാണ് കാത്തിരിക്കുന്നത്. ഏഷ്യൻ കപ്പിൽ മൂന്നു തവണ ജേതാക്കളായ ഇറാനാണ് എതിരാളി. 1976നുശേഷം കിരീടം അകലെയായ ഇറാൻ, 2019ൽ സെമിയിൽ വീണു മടങ്ങിയതിന്റെ സങ്കടം തീർക്കാൻകൂടിയാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്.
ഗ്രൂപ് ‘സി’യിൽനിന്ന് മൂന്നു കളിയും ജയിച്ച് ജേതാക്കളായവർ, പ്രീക്വാർട്ടറിൽ സിറിയയെ പെനാൽറ്റി ഷൂട്ടൗട്ടിലും കിരീടപ്രതീക്ഷയുമായെത്തിയ ജപ്പാനെ ക്വാർട്ടർ ഫൈനലിലും തോൽപിച്ചാണ് സെമിയിൽ ഇടംപിടിച്ചത്.
അതേസമയം, ഉജ്ജ്വല ഫോമിലാണ് ഖത്തറിന്റെ കുതിപ്പ്. ഗ്രൂപ് റൗണ്ടിൽ ഒരു ഗോൾപോലും വഴങ്ങാതെ ജേതാക്കളായവർ പ്രീക്വാർട്ടറിൽ ഫലസ്തീനെ 2-1ന് വീഴ്ത്തി. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ അങ്കത്തിൽ ആവേശകരമായിരുന്നു ആതിഥേയരുടെ സെമി പ്രവേശനം. ഉസ്ബകിസ്താനെതിരെ ആദ്യ പകുതിയിൽ നേടിയ ലീഡ് പിന്നീട്, ഗോൾ വഴങ്ങി സമനിലയിൽ കലാശിച്ചു. എന്നാൽ, ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ എതിരാളികളുടെ കിക്കുകൾ സേവ് ചെയ്ത് ഗോൾകീപ്പർ മിഷാൽ ബർഷിം നടത്തിയ മാസ്മരിക പ്രകടനത്തിലൂടെ നാട്ടുകാരെ സാക്ഷിയാക്കി സെമിയിലേക്കു മുന്നേറിയ ഖത്തറിന് അതേ പിന്തുണതന്നെയാകും ഇന്നും കരുത്താകുന്നത്.
ഉസ്ബകിസ്താനെതിരായ മത്സരത്തിൽ പരിക്കേറ്റ് ഡിഫൻസിവ് മിഡ് മുഹമ്മദ് വാദ്, സുൽത്താൻ അൽ ബാരിക് എന്നിവരില്ലാതെയാവും ഖത്തർ സെമിയിലിറങ്ങുക. ടീമിന്റെ ആക്രമണം അക്രം അഫിഫും അൽ മുഈസ് അലിയും നയിക്കുന്ന മുന്നേറ്റനിരയിൽ തന്നെയാവും. ടൂർണമെന്റിലുടനീളം അതിവേഗ ആക്രമണത്തിലൂടെ കളി നിയന്ത്രിച്ച ഇരുവരുടെയും കൂട്ടുതന്നെയാവും ഖത്തറിന് കരുത്തായി മാറുക.
ഒപ്പം, പരിചയ സമ്പന്നനായ നായകൻ ഹസൻ അൽ ഹൈദോസിന്റെ സാന്നിധ്യവും നിർണായകംതന്നെ. സീറോ ചാൻസിലും ഗോൾ നേടി ടീമിനെ ഊർജം പകരുന്ന ഹൈദോസിന്റെ പ്രകടനം കഴിഞ്ഞ മത്സരങ്ങളിൽ കളമറിഞ്ഞതാണ്. നാലു ഗോൾ നേടിയ ടൂർണമെന്റ് ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് അക്രം അഫിഫ്. ആറു ഗോൾ നേടിയ ഇറാഖിന്റെ അയ്മൻ ഹുസൈനെ മറികടക്കാൻ ഇനി സാധ്യതയുള്ള താരവും അക്രം അഫിഫ് തന്നെ. പ്രതിരോധത്തിൽ ശക്തമായ സാന്നിധ്യമായി മാറിയ ലൂകാസ് മെൻഡിസും അൽമഹ്ദിയുമാണ് ഖത്തറിന്റെ ഗോൾമുഖം കഴിഞ്ഞ കളികളിലെല്ലാം കോട്ടപോലെ കാത്തു സൂക്ഷിക്കുന്നത്.
സസ്പെൻഷൻ കാരണം അവസാന അങ്കത്തിൽനിന്നു പുറത്തായ മെഹ്ദി തരിമിയുടെ തിരിച്ചുവരവാണ് ഇറാന് ആത്മവിശ്വാസം പകരുന്നത്. കരുത്തരായ ജപ്പാനെതിരെ രണ്ടാം പകുതിയിൽ സമ്പൂർണ ആക്രമണത്തിലൂടെ കളി തിരിച്ചുപിടിച്ച ഇറാനിയൻ ശൈലിയിൽ വിശ്വാസമർപ്പിച്ചാവും കോച്ച് ആമിർ ഗാലിനൂയി ടീമിനെ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.