ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി 700ൽ അധികം കുട്ടികൾ പങ്കാളികളായതായി പ്രാദേശിക സംഘാടക സമിതി. കളിക്കാനിറങ്ങും മുമ്പ് ടീം അംഗങ്ങൾക്ക് എസ്കോർട്ട്, പതാക വാഹകർ, ബോൾ ക്രൂ എന്നീ വിഭാഗങ്ങളിലായാണ് ഖത്തറിൽനിന്ന് തെരഞ്ഞെടുത്ത 700ഓളം കുട്ടികൾ പങ്കുചേർന്നത്. മത്സരദിന ചടങ്ങുകളിൽ പങ്കെടുക്കാനും പിച്ചിലെ സുന്ദര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമുള്ള ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന സുവർണാവസരമായിരുന്നു ഇതുവഴി എൽ.ഒ.സി യൂത്ത് പ്രോഗ്രാം ഒരുക്കിയത്.
യൂത്ത് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ വലിയ പ്രതികരണമാണ് സംഘാടക സമിതിക്ക് ലഭിച്ചത്. ടൂർണമെന്റിന് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച കർശന റിക്രൂട്ട്മെന്റ് പ്രക്രിയകൾക്കൊടുവിലാണ് ആറ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ വിവിധ റോളുകളിലേക്കായി തെരഞ്ഞെടുത്തത്.
ഒരു മത്സരത്തിന് എട്ട് പതാക വാഹകർക്ക് പുറമേ ഓരോ ടീമിലെയും 11 താരങ്ങൾക്കൊപ്പമുള്ള എസ്കോർട്ട്, 14 ബോൾ ക്രൂ അംഗങ്ങൾ എന്നിങ്ങനെ 44 കുട്ടികളാണ് പങ്കെടുക്കുക. ഇതിന് പുറമേ റഫറിക്ക് പന്ത് കൈമാറുന്നതിനുള്ള ഔദ്യോഗിക മാച്ച്ബോൾ കാരിയറും കൂടെ ഗ്രൗണ്ടിലിറങ്ങും. ബോൾ ബോയ് അംഗങ്ങൾക്ക് മത്സരം ഏറെ അടുത്തുനിന്ന് വീക്ഷിക്കാനും ഇഷ്ടതാരങ്ങളുടെതുൾപ്പെടെയുള്ളവരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും സാധിക്കും.
ഖത്തറിലെ യുവതലമുറക്ക് ടൂർണമെന്റിന്റെ ഭാഗമാകാനുള്ള അവിശ്വസനീയ അവസരമാണ് യൂത്ത് പ്രോഗ്രാമെന്ന് മാർക്കറ്റിങ് ആൻഡ് ഡെലിവറി ഡയറക്ടർ ജഹാം അൽ കുവാരി പറഞ്ഞു. അവർക്ക് ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഒരവസരമായിരുന്നു. ഗ്രൗണ്ടിന്റെ ഹൃദയഭാഗത്ത് ചുവടുവെക്കാനും മത്സരങ്ങൾ നേരിട്ട് കാണാനും ആസ്വദിക്കാനും ഇത് അവരെ അനുവദിച്ചു. ഏഷ്യൻ കപ്പിന്റെ വിജയത്തിൽ ഈ കുട്ടികളുടെ പങ്കുകൂടി ചേർക്കാൻ ആഗ്രഹിക്കുകയാണ്. മനോഹരമായ ഈ ഗെയിമിനെ വിലമതിക്കാൻ ഈ സംരംഭം അവരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു -ജഹാം അൽ കുവാരി കൂട്ടിച്ചേർത്തു.
പിച്ചിന് അരികിൽനിന്ന് മത്സരം കാണുന്നതോടൊപ്പം സ്റ്റേഡിയം എങ്ങനെ ജീവസുറ്റതാകുന്നുവെന്ന് നേരിട്ടനുഭവിക്കാനും സാധിച്ചതായി ബോൾ ക്രൂ അംഗമായിരുന്ന 15കാരൻ സീസർ ജാൻസൻ പറഞ്ഞു. ഓരോ മത്സരവും അതിശയകരമായ അനുഭവമായിരുന്നു. പന്ത് താരങ്ങൾക്ക് തിരികെ എത്തിക്കുകയെന്നത് ഏറെ ഊർജസ്വലതയോടെയും ശ്രദ്ധയോടെയുമാണ് കൈകാര്യം ചെയ്തത് -സീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.