ദോഹ: അഫ്ഗാനിൽനിന്നും അമേരിക്കയുടെയും നാറ്റോ സഖ്യ സേനയുടെയും അമീരി സേനയുടെയും നേതൃത്വത്തിൽ ഖത്തർ വഴി ഒഴിപ്പിച്ചത് 40,000ത്തിലേറെ പേരെ. കാബൂൾ വിമാനത്താവളത്തിൽ നിന്നാണ് രണ്ടാഴ്ചയിലേറെ സമയം കൊണ്ട് ഇത്രയും പേരെ ഖത്തർ വഴി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ അധികപേരും ഖത്തറിനെ ഇടത്താവളമാക്കിയാണ് നാടുകളിലേക്ക് മടങ്ങിയത്. അമേരിക്ക, ഫ്രാൻസ്, ജർമനി, ഇന്ത്യ, ശ്രീലങ്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പൗരന്മാർ കാബൂളിൽ നിന്നും ഖത്തറിലെത്തിയ ശേഷം ഒന്നും രണ്ടും ദിവസം കഴിഞ്ഞ് ജന്മനാടുകളിലേക്ക് മടങ്ങുകയായിരുന്നു. ഇവർക്ക് വിദേശകാര്യമന്ത്രാലയത്തിൻെറയും അതത് എംബസികളുടെയും നേതൃത്വത്തിൽ താമസവും കോൺസുലാർ സേവനങ്ങളും ഉറപ്പാക്കിയാണ് തുടർയാത്ര ഒരുക്കിയത്. വിവിധ രാജ്യാന്തര ഏജൻസികൾ, മാധ്യമസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ അപേക്ഷയെ തുടർന്നാണ് കാബുളിൽനിന്നും ഇത്രയും പേരെ ഒഴിപ്പിച്ചത്.
ഖത്തറിലെത്തിച്ച ശേഷം, ആരോഗ്യമന്ത്രാലയത്തിൻെറ സഹകരണത്തോടെ, കോവിഡ് പരിശോധന, ആവശ്യമുള്ളവർക്ക് വാക്സിൻ, താമസ സൗകര്യങ്ങൾ, ചികിത്സ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ, സ്ത്രീകൾ, കുട്ടികൾ, കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ ഖത്തറിൽ കഴിയുന്നുണ്ട്. ലോകകപ്പിനായി ഒരുക്കിയ പാർപ്പിട സമുച്ചയങ്ങളിലാണ് ഇവർക്ക് താമസസൗകര്യം നൽകിയത്. ആശുപത്രി, വിനോദോപാധികൾ, ഭക്ഷ്യ ഔട്ട്ലറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിശ്വസനീയമായ മധ്യസ്ഥരും, പങ്കാളികളും എന്ന നിലയിൽ അഫ്ഗാൻ സമാധാനത്തിനായി ശ്രമിക്കുമെന്നും, രാജ്യത്തെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും, ഒഴിപ്പിക്കൽ സുഗമമാക്കാൻ എല്ലാ കക്ഷികളുമായി സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.