ദോഹ: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറില്‍ ഐക്യരാഷ്ട്രസഭ ഖത്തറില്‍ പ്രത്യേക യോഗം ചേരും. മേയ് ഒന്ന്, രണ്ട് തീയതികളിലായി ചേരുന്ന പ്രത്യേക യോഗത്തിൽ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും.
താലിബാൻ അധികാരത്തിലേറിയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും രാജ്യത്തെ സങ്കീർണ രാഷ്ട്രീയ സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യു.എൻ നേതൃത്വത്തിൽ യോഗം നടക്കുന്നത്. അഫ്ഗാന് വിഷയത്തില്‍ തുടക്കം മുതല്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ രാജ്യമെന്ന നിലക്കാണ് അന്താരാഷ്ട്ര തലത്തിലെ ചർച്ചക്ക് ഖത്തർ വേദിയാവുന്നത്. അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കയും സഖ്യകക്ഷികളും പിന്മാറിയെങ്കിലും രാജ്യത്ത് ഇനിയും സുസ്ഥിരത ഉറപ്പാക്കാനായിട്ടില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിലടക്കം താലിബാന് സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാണ്.
മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ മിക്ക രാജ്യങ്ങളും അഫ്ഗാന് ഭരണകൂടത്തെ അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ്
യു.എന്‍ സെക്രട്ടറി ജനറല്‍ തന്നെ പങ്കെടുക്കുന്ന യോഗം നടക്കുന്നത്. എന്നാല്‍, യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്നും ഉറപ്പില്ല. അഫ്ഗാന് ഭരണകൂടത്തിന് ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കലല്ല യോഗത്തിന്റെ ലക്ഷ്യമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജോറിക് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടാക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.