ദോഹ: അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെ അവകാശങ്ങളും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ 76ാമത് പൊതുസമ്മേളനത്തിെൻറ ഭാഗമായി മന്ത്രിതല സേമ്മളനത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിലെ കഴിഞ്ഞ 20 വർഷത്തെ രജ്യാന്തര ഇടപെടലുകളുടെ നേട്ടങ്ങൾ സംരക്ഷിക്കുക, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സമ്മേളനം ചേർന്നത്. അഫ്ഗാെൻറ പുരോഗതിക്കായി വനിതകളുടെ സ്വാധീനം അത്യന്താപേക്ഷിതമാണെന്ന് ഓൺലൈൻ വഴി നടന്ന സമ്മേളനത്തിൽ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി വ്യക്തമാക്കി. ഇക്കാര്യത്തിൽ താലിബാനുമായി ഖത്തർ വ്യക്തമായ ആശയവിനിമയം നടത്തിയിട്ടുണ്ട്.
സ്ത്രികൾക്ക് ജോലിചെയ്യാനും സാമൂഹിക ഇടപെടൽ നടത്താനും പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കാനും പല ചർച്ചകളിലായി താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളെ സ്ത്രീമുന്നേറ്റത്തിൽ മാതൃകയാക്കാമെന്നും വ്യക്തമാക്കിയതാണ്. ഭരണനിർവഹണരംഗത്തും തൊഴിൽമേഖലകളിലും നേതൃത്വത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ശക്തമായ വനിതാപ്രാതിനിധ്യം ഖത്തറിനുണ്ട് -അദ്ദേഹം പറഞ്ഞു. അഫ്ഗാനികളും വിദേശികളും ഉൾപ്പെടെ 58,000ത്തോളം പേെര കാബൂളിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനും ഇവർക്ക് താൽക്കാലിക താമസമൊരുക്കാനും ഖത്തറിന് കഴിഞ്ഞു. മനുഷ്യത്വപരമായ ഉത്തരവാദിത്തം എന്നനിലയിലാണ് ഈ ദൗത്യം ഏറ്റെടുത്തത്. താമസം, ഭക്ഷണം, ചികിത്സ, കോവിഡ് വാക്സിൻ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഇവർക്ക് ഉറപ്പാക്കാൻ കഴിഞ്ഞു. എൻ.ജി.ഒ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, കായിക താരങ്ങൾ, കുട്ടികൾ, കുടുംബങ്ങൾ ഉൾപ്പെടെ ഭീതിയിലായവരെയെല്ലാം ഖത്തറിെൻറ നേതൃത്വത്തിൽ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപവത്കരിക്കാൻ താലിബാനുമേൽ ഖത്തർ സമ്മർദംചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ സംസാരിച്ച ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയും അഫ്ഗാനിലെ സമാധാനവും വികസനവും സ്ത്രീസ്വാതന്ത്ര്യവും ഉൗന്നിപ്പറഞ്ഞിരുന്നു. സമ്മേളനത്തിെൻറ ഭാഗമായി ഖത്തർ വിദേശകാര്യമന്ത്രി ഡെന്മാർക്, നോർവേ, ക്യൂബ, ക്രൊയേഷ്യ, സ്ളൊവാക്യ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധിയുമായും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.