ദോഹ: ഇസ്രായേൽ സൈനിക ആക്രമണത്തിനുപിന്നാലെ, ഭക്ഷണവും പാർപ്പിടവുമില്ലാതെ ദുരിതക്കയത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി ഖത്തർ ചാരിറ്റി. ‘ഫോർ ഫലസ്തീൻ’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചാണ് ദുരിതാശ്വാസ സഹായത്തിന് തുടക്കം കുറിച്ചത്. ഭക്ഷ്യവസ്തുക്കൾ, പാർപ്പിടങ്ങൾ, ആരോഗ്യ-ചികിത്സാ സംവിധാനങ്ങൾ എന്നിവ നിറവേറ്റുന്നതിനുവേണ്ടിയാണ് ഖത്തർ ചാരിറ്റിയുടെ ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി കാമ്പയിൻ ആരംഭിച്ചത്.
വൈദ്യുതി നിലച്ച് ഇരുട്ടിലായ ആശുപത്രികൾക്ക് ഊർജാവശ്യത്തിനുള്ള ഇന്ധനം ലഭ്യമാക്കുക, പരിക്കേറ്റവർക്കും മറ്റുമായി ചികിത്സക്കുള്ള മരുന്നുകളും ഉപകരണങ്ങളുമെത്തിക്കുക, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഖത്തർ ചാരിറ്റി ‘ഫലസ്തീനുവേണ്ടി’ റിലീഫ് കാമ്പയിൻ തുടങ്ങിയത്. പുതപ്പുകൾ, വസ്ത്രങ്ങൾ, പാർപ്പിട സംവിധാനങ്ങൾ തുടങ്ങിയവയും എത്തിക്കും. ഹമാസിന്റെ മിന്നൽ ആക്രമണത്തിനു പിന്നാലെ, ഇസ്രായേൽ സേന നടത്തിയ തിരിച്ചടിയിൽ ഗസ്സ ഉൾപ്പെടെ മേഖലയിൽ ആയിരങ്ങൾക്കാണ് പാർപ്പിടങ്ങൾ നഷ്ടമായത്. ഇതോടെ, താമസവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായ സാധാരണക്കാർക്ക് രക്ഷയാവുന്നതിനുവേണ്ടിയാണ് ഖത്തർ ചാരിറ്റിയുടെ സഹായഹസ്തമെത്തുന്നത്. അടിസ്ഥാന ആവശ്യങ്ങൾപോലും പ്രതിസന്ധിയിലായ ഫലസ്തീനിലെ സഹോദരങ്ങളോട് ഐക്യപ്പെടാനും അവർക്ക് സഹായം നൽകാനുമുള്ള സമയമാണിതെന്ന് ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മീഡിയ സെക്ടർ സി.ഇ.ഒ അസിസ്റ്റൻറ് അഹമ്മദ് യൂസുഫ് ഫഖ്റൂ പറഞ്ഞു. വ്യക്തികൾ, കമ്പനികൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവർക്ക് ഖത്തർ ചാരിറ്റിയുടെ ‘ഫോർ ഫലസ്തീൻ’ ദുരിതാശ്വാസ പദ്ധതിയിൽ പങ്കാളിയാകാവുന്നതാണ്. qch.qa/gaza എന്ന വെബ്സൈറ്റ് വഴിയോ 44290000 ഹോട്ട് ലൈൻ നമ്പർ വഴിയോ സഹായം നൽകാം.
ഖത്തറിലെമ്പാടുമുള്ള ഖത്തർ ചാരിറ്റി ബ്രാഞ്ചുകൾ, കലക്ഷൻ പോയൻറുകൾ എന്നിവ വഴിയും സഹായം സ്വീകരിക്കും. ദുരിതാശ്വാസ കാമ്പയിൻ പ്രഖ്യാപനത്തിനുപിന്നാലെ, വിവിധ സ്ഥാപനങ്ങളാണ് ഒരു ദിവസത്തെ ലാഭം മുതൽ തങ്ങളുടെ വിവിതം ഫലസ്തീനു വേണ്ടി പ്രഖ്യാപിച്ച് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.