ദോഹ: ജൂലൈ അഞ്ചിന് അർധരാത്രി 12.30ന് ദോഹയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 7.30ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസ് പൊടുന്നനെ റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി ഖത്തർ അഭിപ്രായപ്പെട്ടു. അത്യാവശ്യ യാത്രക്കാരടക്കമുള്ള നിരവധി പേരാണ് ദുരിതത്തിലായത്. അവധിക്കാലം മുന്നിൽ കണ്ട് വളരെ നേരത്തേ ടിക്കറ്റ് എടുത്തവർ, അത്യാവശ്യമായി പോവേണ്ടതിനാൽ ഉയർന്ന നിരക്ക് കൊടുത്ത് ടിക്കറ്റ് എടുത്തവർ തുടങ്ങി എല്ലാവരെയും ദുരിതത്തിലാക്കിയാണ് നിരുത്തരവാദപരമായി വിമാനം റദ്ദാക്കിയത്.
ഇത്തരം നടപടികൾ ആദ്യമായല്ല എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. യാത്രക്കാർ വിമാനത്താവളത്തിലെത്തി അവസാന നിമിഷത്തിൽ വിമാനം റദ്ദ് ചെയ്തുവെന്നറിയിക്കുന്നത് ക്രൂരതയാണ്. വിമാനക്കമ്പനികളുടെ ഇത്തരം കെടുകാര്യസ്ഥതക്കെതിരെ സ്വദേശത്തും വിദേശത്തുമുള്ള സമാന ചിന്താഗതിക്കാരായ സംഘടനകളുടെ സഹായത്തോടെ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് കെ.എം.സി.സി ഖത്തർ നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.