ദോഹ: ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സർവിസിന് മുംബൈ-ദോഹ സെക്ടറിൽ തുടക്കം കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു ആകാശ എയറിന്റെ അന്താരാഷ്ട്ര സർവിസ് പ്രഖ്യാപനം നടന്നത്. വ്യാഴാഴ്ച രാത്രിയിൽ ദോഹ ഹമദ് വിമാനത്താവളത്തിലെത്തിയ ആകാശ എയറിന് വിമാനത്താവള അധികൃതർ വരവേൽപ് നൽകി.
മുംബൈയിൽനിന്ന് വൈകുന്നേരം 5.45ന് പറന്നുയർന്ന വിമാനം രാത്രി 7.40ഓടെ ദോഹയിലെത്തി. പൂർണമായും വനിതാ ജീവനക്കാർ നിയന്ത്രിച്ച വിമാനമായാണ് ആകാശ അന്താരാഷ്ട്ര യാത്രക്ക് തുടക്കം കുറിച്ചത്. രണ്ട് പൈലറ്റുമാരും അഞ്ച് കാബിൻ ക്രൂമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വനിതകളായിരുന്നു.
ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് അൽ ജാബിർ എന്നിവർ ഉൾപ്പെടെ പ്രമുഖർ ദോഹയിൽ നടന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഹമദ് വിമാനത്താവളത്തിലേക്ക് സർവിസ് നടത്തുന്ന 47ാമത്തെ വിദേശ വിമാന കമ്പനിയാണ് ആകാശ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയാണ് ഇന്ത്യയിൽനിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്നവർ.
2022 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സർവിസാണ് ദോഹയിലേക്കുള്ളത്. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവിസ്. മുംബൈയിൽനിന്ന് 5.45ന് പുറപ്പെട്ട് രാത്രി 7.40ന് ദോഹയിലെത്തും. ദോഹയിൽനിന്ന് രാത്രി 8.40ന് പുറപ്പെട്ട് പുലർച്ച 2.45ന് മുംബൈയിലെത്തും.
ദോഹയില്‍നിന്ന് അധികം വൈകാതെതന്നെ കേരളത്തിലേക്കും സര്‍വിസ് നടത്താന്‍ ആകാശക്ക് പദ്ധതിയുണ്ട്. ഖത്തറില്‍നിന്നുള്ള അമിതമായ നിരക്കിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നതാണ് പുതിയ എയർലൈൻസിന്റെ വരവ്.
കുവൈത്ത്, റിയാദ്, ജിദ്ദ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് ഉടൻ ആകാശ സർവിസ് ആരംഭിക്കും. മുംബൈ, ബംഗളൂരു നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആകാശ നിലവില്‍ ഇന്ത്യയിലെ 19 നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.