ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ മന്ത്രാലയം. ലൈസൻസോടെയും ചട്ടങ്ങൾ പാലിച്ചുമാണ് വ്യാപര സ്ഥാപനങ്ങൾ മെഗാ പ്രമോഷനും, സ്പെഷൽ ഓഫറും ഉൾപ്പെടെ വിൽപന മേളകൾ ഒരുക്കുന്നത് എന്നുറപ്പിക്കുന്നതിനായി മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവടങ്ങളിൽ പരിശോധന സജീവമാക്കി.
സ്ഥാപനങ്ങൾ ഉൽപന്നങ്ങളുടെ ഗുണമേന്മ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രമോഷനൽ ഓഫറുകൾ പ്രഖ്യാപിക്കുനതിന് മുമ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നും അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും .
2018 വാണിജ്യ മന്ത്രാലയ നിയമം 311 പ്രകാരം മന്ത്രാലയം അനുമതിയില്ലാതെ വിലകൾ കുറച്ച് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമവിരുദ്ധമാണ്. ഈ നിയമത്തിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി, മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് നേടിയതിന് ശേഷമല്ലാതെ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ നൽകാൻ പാടില്ല.
സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും കച്ചവടം വർധിപ്പിക്കുന്നതിനായി സ്ഥിരമായി പ്രമോഷനുകൾ നടത്തുന്നതായും ഇത്തരം പ്രമോഷനുകളിൽ വിലയിൽ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളിൽനിന്ന് പലപ്പോഴും പരാതികൾ ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനായി വാണിജ്യ- വ്യവസായ മന്ത്രാലയം നേരത്തേ മൊബൈൽ ആപ് സേവനം അവതരിപ്പിച്ചിരുന്നു. ‘MOCIQATAR’ എന്ന ആപ് വഴി വില, വിൽപന, ഉൽപന്നം, സേവനം, പരസ്യം, പണം നൽകലും ഇൻവോയ്സും, ലൈസൻസിങ്, ആരോഗ്യസുരക്ഷ, ചൂഷണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരാതി സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.