ദോഹ: ഖത്തറിന്റെ ശോഭനമായ ഭാവിക്കൊപ്പം പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുകയാണ് അൽസമാൻ എക്സ്ചേഞ്ച്. 2022 ലോകകപ്പ് ലോകത്തിനുതന്നെ മാതൃകയാവുന്ന രീതിയിൽ അത്യുജ്ജ്വലമായി സംഘടിപ്പിച്ച ഖത്തർ, ഭാവിയിൽ ടൂറിസം അടക്കമുള്ള മേഖലകളിൽ ത്വരിതഗതിയിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ ശ്രദ്ധ ഒരു മാസക്കാലം തങ്ങളിലേക്ക് ആവാഹിച്ചുനിർത്തിയ രാജ്യം, വിശാലവും സമ്പന്നവുമായ തങ്ങളുടെ വർത്തമാനകാല മികവിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. വിശ്വമേള പെയ്തൊഴിയുന്നതോടെ, ഈ മണ്ണിൽ ടൂറിസം അടക്കമുള്ള മേഖലകൾ ലോകത്തെ അമ്പരപ്പിക്കുന്ന രീതിയിൽ വളർച്ച പ്രാപിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ആ നിഗമനങ്ങൾക്കൊത്ത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഉണർവിനെ ഗുണപരമായി സ്വാധീനിക്കാവുന്ന തരത്തിൽ തങ്ങളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുമെന്ന് അൽസമാൻ എക്സ്ചേഞ്ച് ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. സുബൈർ അബ്ദുറഹ്മാൻ പറഞ്ഞു.
'സാമ്പത്തികരംഗത്ത് ഖത്തറിന്റെ കുതിച്ചുചാട്ടത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ ലോകകപ്പിനപ്പുറം 'വിഷൻ 2030' എന്ന ബൃഹദ് പദ്ധതിയാണ് ഖത്തറിന്റെ പ്രധാന ഉന്നം. സിംഗപ്പൂർ, ഹോങ്കോങ് പോലെ ഖത്തറിനെ വലിയ ബിസിനസ് ഹബ് ആക്കി മാറ്റുകയെന്നത് അതിന്റെ ലക്ഷ്യത്തിൽപെടുന്നതാണ്. ദീർഘകാല നിക്ഷേപങ്ങൾ ഉൾപ്പെടെ ആകർഷിക്കാനുള്ള സാധ്യതകൾ ആഗോളതലത്തിൽ ഖത്തറിനെ സ്വീകാര്യമാക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി ഒരുപാട് മില്യൻ റിയാലിന്റെ വികസനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് കളിയെ മാത്രം ഉദ്ദേശിച്ചിട്ടല്ല. അത് ദീർഘകാലത്തേക്കുള്ള അവരുടെ പദ്ധതിയുടെ ഭാഗമാണ്. 12 വർഷം മുമ്പുള്ളതിൽനിന്ന് ഒരു വ്യാഴവട്ടം കൊണ്ട് ഇത്രയും മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള ഖത്തറിന്റെ പ്രചോദനങ്ങളിലൊന്ന് വിഷൻ 2030 ആണ്. തുറമുഖവും വിമാനത്താവളവും ഉൾപ്പെടെ അതിന്റെ ഭാഗമാണ്. ലോകകപ്പ് കഴിഞ്ഞാൽ 15 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ഖത്തറിൽ സൃഷ്ടിക്കപ്പെടുമെന്നാണ് നിഗമനം.
ബീച്ചുകൾ, റിസോർട്ടുകൾ, ഐലൻഡുകൾ, ഒരുപാട് മ്യൂസിയങ്ങൾ എന്നിവയെല്ലാം ആളുകളെ ആകർഷിക്കുന്ന രീതിയിൽ വികസിച്ചുകഴിഞ്ഞു. സ്പോർട്സ് ടൂറിസത്തിനും അനന്തസാധ്യതകളാണുള്ളത്. 2026ൽ ഏഷ്യൻ ഗെയിംസ് വരുന്നു. 2023ൽ ഏഷ്യൻ കപ്പിന് ഖത്തർ വേദിയാവും. ഒളിമ്പിക്സ് ആതിഥ്യത്തിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് കാണികളാവട്ടെ, ഇവിടത്തെ എല്ലാ പാരമ്പര്യങ്ങളും ഉൾക്കൊണ്ടുതന്നെ മത്സരങ്ങൾ ഏറെ ആസ്വദിക്കുകയും ചെയ്തു. ഇവിടെ വന്നുകഴിഞ്ഞ എല്ലാവരും സംതൃപ്തരാണ്. ഒരു പരാതിയും ആർക്കുമില്ല. സംഘാടനത്തിന്റെ മികവാണിത്' - ഡോ. സുബൈർ അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
17 ബ്രാഞ്ചുകളുള്ള അൽസമാൻ, ലോകകപ്പിനോടനുബന്ധിച്ച് ഫിഫയുടെ ഭാഗമായ അൽമീറയുമായി സഹകരിച്ച് ഫാൻ വില്ലേജുകളിൽ ഉൾപ്പെടെ താൽക്കാലികമായി പ്രവർത്തനം നടത്തുന്നുണ്ട്. ഏറെ ബുദ്ധിമുട്ടില്ലാതെ ആരാധകരെത്തുന്ന സ്ഥലങ്ങളിലാണ് പത്ത് എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത്. പുറത്തുനിന്നെത്തുന്ന ആരാധകർക്ക് ഏറെ ആശ്വാസമാണ് അത് പകർന്നുനൽകിയത്. വളരെ പെട്ടെന്നാണ് അത് സജ്ജീകരിച്ചത്.
1978ൽ പ്രവർത്തനം തുടങ്ങിയ അൽസമാൻ എക്സ്ചേഞ്ചിൽ ഇപ്പോൾ 17 ബ്രാഞ്ചുകളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 220ലേറെ ജീവനക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.