ദോഹ: ഖത്തർ സാമ്പത്തിക ഫോറം വേദിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ച അറബി ഭാഷാധിഷ്ഠിത നിർമിത ബുദ്ധിയായ ‘അൽഫനാർ’ അറബി ഭാഷാ വികാസത്തിൽ നിർണായകമായി മാറുമെന്ന് വാർത്താ വിനിമയ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ പറഞ്ഞു. ഖത്തർ ഫൗണ്ടേഷനു കീഴിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മറ്റും സഹകരിച്ചാണ് ‘ഫനാർ’ യാഥാർഥ്യമാക്കുന്നതെന്നും അലി അൽ മന്നാഈ പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന എ.ഐ: റെഗുലേഷൻ ആൻഡ് ഇന്നവേഷൻസ് എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബി ഭാഷയുടെ സങ്കീർണമായ സൂക്ഷ്മതകൾ മനസ്സിലാക്കാൻ ഫനാറിന് സാധിക്കുമെന്നും, ചുരുങ്ങിയത് മൂവായിരം കോടി വാക്കുകളെങ്കിലും ഇതിന് ഉൾക്കൊള്ളാനാകുമെന്നും മികച്ച ഗ്രന്ഥങ്ങൾ രചിക്കാൻ ഇവയിലൂടെ സാധിക്കുമെന്നും അൽ മന്നാഈ ചൂണ്ടിക്കാട്ടി. അറബി ഭാഷാ പഠന മാതൃകയിൽ നിർമിച്ച നിർമിതബുദ്ധിയാണ് ഫനാർ എന്നറിയപ്പെടുന്നത്. ആഗോള നിർമിതബുദ്ധി മേഖലയിൽ അറബി ഭാഷയുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നവീകരണ പ്രവൃത്തികൾക്ക് ഫനാർ നേതൃത്വം നൽകും. വിശാലവും കൃത്യവുമായ ഉള്ളടക്കമാണ് ഫനാറിന്റെ സവിശേഷതയെന്ന് പാനൽ ചർച്ചയിൽ അലി അൽ മന്നാഈ പറഞ്ഞു. സാംസ്കാരികമായി പ്രതിധ്വനിക്കുന്ന അറബി ഉള്ളടക്കം നിർമിക്കാൻ ഇത് പ്രാപ്തമാക്കുന്നുവെന്നും സ്ഥാപനങ്ങൾക്കും അറബി സംസാരിക്കുന്നവർക്കും ഒരുപോലെ സാങ്കേതിക സഹായം ഫനാർ നൽകും.
ഫനാറിലൂടെ രൂപപ്പെടുത്തിയ അറബി ഉള്ളടക്കം കൃത്യതയിൽ മികച്ചു നിൽക്കുമെന്നും വിവർത്തന, ഗവേഷണ, അക്കാദമിക, മാധ്യമ കഴിവുകൾ ഗണ്യമായി വർധിപ്പിക്കുമെന്നും ഖത്തർ കമ്പ്യൂട്ടിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ഭാഷാ കൃത്യത, രൂപപ്പെടുത്തിയ ഉള്ളടക്കത്തിലെ കൃത്യതയും ഒതുക്കവും തുടങ്ങി അറബി-ഇംഗ്ലീഷ് ഭാഷകളിലെ ജനറേറ്റിവ് എ.ഐ കഴിവുകൾക്കിടയിൽ നിലനിൽക്കുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഫനാറിലൂടെ ലക്ഷ്യമിടുന്നുവെന്നും അലി അൽമന്നാഈ പറഞ്ഞു.
ഖത്തറിന്റെ പ്രാദേശിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും, അറബ് ലോകത്ത് ഡിജിറ്റൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഡിജിറ്റലൈസേഷൻ പദ്ധതികളെ പിന്തുണക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കാഴ്ചപ്പാടിനും നന്ദി അറിയിച്ചു. സാങ്കേതികവിദ്യ നവീകരണം, നിർമിതബുദ്ധി എന്നിവയിൽ നിക്ഷേപം നടത്തി സമഗ്രമായ ഡിജിറ്റൽ മാറ്റത്തെ പിന്തുണക്കുന്നതിന് ഖത്തർ 900 കോടി റിയാൽ മൂല്യമുള്ള പാക്കേജാണ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.