ദോഹ: ഖത്തറിലെ എല്ലാ സേവനങ്ങളും ഒാൺലൈൻ വഴിയാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രാലയം. ജനകീയമായി മാറിയ 'മെട്രാഷ്' പദ്ധതി വിജയകരമായതിൻെറ തുടർച്ചയെന്നോണമാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക് മാറാൻ ഒരുങ്ങുന്നത്. അതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഉപ മേധാവി ലെഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി പറഞ്ഞു.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ സേവനങ്ങളും ഇടപാടുകളും കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം. ഇടപാടുകൾ സുതാര്യമായതിനാലും വേഗത്തിലായതിനാലും മെട്രാഷ് കൂടുതൽ ജനകീയമായിരിക്കുകയാണ്. ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ വീട്ടിൽനിന്നുതന്നെ പൂർത്തിയാക്കാൻ സാധിക്കും. ഭാവിയിൽ മന്ത്രാലയത്തിെൻറ എല്ലാ സേവനങ്ങളും വിരൽത്തുമ്പിലെത്തും -ലെഫ്. കേണൽ അൽ മുഹന്നദി വ്യക്തമാക്കി. ഖത്തർ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് മികച്ചസേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇടപാടുകൾ കടലാസുരഹിതമാക്കണമെന്നതായിരുന്നു പ്രഥമ പദ്ധതിയിലെ ലക്ഷ്യങ്ങളിലൊന്ന്. ഇത് കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി കാലയളവിൽ ഏറെ പ്രയോജനം ചെയ്തു.
2011–2016 കാലയളവിലെ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രഥമ സ്ട്രാറ്റജിയുടെ ലക്ഷ്യം സുരക്ഷ നിലനിർത്തുകയും കുറ്റകൃത്യങ്ങൾ കുറക്കുകയുമായിരുന്നു. രണ്ടാം പദ്ധതിയിൽ കൂടുതൽ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചു. സുരക്ഷ, സേവനങ്ങൾ, ഭരണനിർവഹണം, പബ്ലിക് റിലേഷൻസ് എന്നീ മേഖലകളിലായി 10 ലക്ഷ്യങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങൾ കുറക്കുകയുമാണ്.
ജനങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. 2022 ലോകകപ്പ് പോലെയുള്ള സന്ദർശകർ കൂടുതൽ എത്തുന്ന മെഗാ ഇവൻറുകളുടെ സുരക്ഷാക്ഷമത ഉറപ്പാക്കുകയും മറ്റൊരു ലക്ഷ്യമാണ് -അദ്ദേഹം വിശദീകരിച്ചു.ലോകകപ്പ് ടൂർണമെൻറിന് ആഭ്യന്തരമന്ത്രാലയം പ്രത്യേക പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന 'മെട്രാഷ്' പദ്ധതി വൻ വിജയമായി മാറിയതാണ് സമ്പൂർണ ഓൺലൈൻ പദ്ധതിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്നവർക്ക് സർക്കാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം ആശ്രയിക്കാവുന്ന ആപ്ലിക്കേഷനായി 'മെട്രാഷ്' ചുരുങ്ങിയ കാലത്തിനുള്ളിലാണ് അവശ്യ പ്ലാറ്റ്ഫോമായി മാറിയത്.
റെസിഡൻസ് പെർമിറ്റ് പുതുക്കൽ, വിസ അപേക്ഷകൾ, ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും, വാഹന ഉടമസ്ഥാവകാശം മാറ്റൽ, ട്രാഫിക് കുറ്റകൃത്യങ്ങളുടെ പരിശോധന, പിഴചുമത്തിയോ എന്നറിയൽ, ആക്സിഡൻറൽ െക്ലയിം, മേളകളും പരിപാടികളും നടത്താനുള്ള അനുമതി തേടൽ തുടങ്ങി 150ഓളം സർക്കാർ സേവനങ്ങളുടെ പ്ലാറ്റ്ഫോമായി 'മെട്രാഷ് 2' മാറി. പൊതുജനങ്ങൾക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ ഒറ്റക്ലിക്കിൽ എല്ലാ സേവനവും ഉറപ്പാക്കാനും പരിഹരിക്കാനുമുള്ള സംവിധാനമായി മെട്രാഷ് മാറി.
2006ൽ മൊബൈൽ ഉപയോക്താക്കൾക്ക് എസ്.എം.എസിലൂടെ ആരംഭിച്ച സേവനസംവിധാനമാണ് ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ തന്നെ ശ്രദ്ധേയമായി മാറി 'മെട്രാഷ്' ആപ്ലിക്കേഷനായി മാറിയത്. കഴിഞ്ഞ അഞ്ചുവർഷ ത്തിനിടെയാണ് ഈ സേവനം കൂടുതൽ ജനകീയമായി മാറിയത്. അഞ്ച് മിനിറ്റിനുള്ളിൽ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയായി ഇത് മാറി. രാജ്യത്തെ താമസക്കാരായ 18 വയസ്സ് തികഞ്ഞ ആർക്കും േപ്ല സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പറും, ക്യൂ.ഐഡിയും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, മലയാളം, ഉർദു ഭാഷകളിൽ ആപ്പിലെ സേവനം ലഭ്യമാണ്.
അഞ്ചു വർഷത്തിലേറെയായി എച്ച്.ആർ വിഭാഗത്തിൽ ജോലിചെയ്യുന്ന ഫാസില സൈതലവി ഓൺലൈൻ വഴിയുടെ സേവനങ്ങളുടെ നേട്ടം വിലയിരുത്തുന്നു.'ഓഫിസ് സമയത്തേ ജോലികൾ ചെയ്യാൻ കഴിയൂ എന്ന അവസ്ഥ മാറി. ഇപ്പോൾ ഓഫിസിലും വീട്ടിലുമിരുന്ന് ഏത് സമയത്തും നമ്മൾക്ക് അപേക്ഷകൾ നൽകാനും മറ്റും കഴിയുന്നു എന്നതാണ് സേവനങ്ങൾ ഓൺലൈനായതോടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. പി.ആർ.ഒ, അല്ലെങ്കിൽ, ഓഫിസ് അസിസ്റ്റൻറ് എന്നിവരുടെയൊന്നും ആശ്രയമില്ലാതെ ജീവനക്കാരുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാം. ഒരു ലാപ്ടോപ്പും കാർഡും ഉണ്ടെങ്കിൽ എവിെട ഇരുന്നും സർക്കാർ സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും.
പോർട്ടലും ആപ്ലിക്കേഷനുമെല്ലാം ലളിതവും അനായാസം ഉപയോഗിക്കാൻ കഴിയുന്നതുമാണ്. രണ്ട് തവണ ഉപയോഗിക്കുന്നതോടെ ആർക്കും കാര്യങ്ങൾ പഠിച്ചെടുക്കാം. പിഴവുകളൊന്നുമില്ലെങ്കിൽ നമ്മുടെ അപേക്ഷകൾക്ക് ഏറ്റവും വേഗത്തിൽ അംഗീകരവും ലഭിക്കുമെന്നാണ് വ്യക്തിപരമായ അനുഭവം
ഫാസില സൈതലവി (എച്ച്.ആർ കോഒാഡിനേറ്റർ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ദോഹ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.