ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ മത്സ്യത്തൊഴിലാളികളായ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് അംബാസഡർ വിപുൽ. ഇന്ത്യൻ എംബസിയും അപെക്സ് സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഖത്തർ തമിഴ് സംഘവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 160 ഓളം മത്സ്യത്തൊഴിലാളികളുടെ വിശേഷങ്ങൾ അറിഞ്ഞും തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തിയും അംബാസഡർ സമയം ചെലവഴിച്ചു.
കഠിനമായ തൊഴിൽ ചെയ്ത് മത്സ്യബന്ധനം നടത്തുമ്പോഴും സ്വന്തം കാര്യങ്ങൾ നിർവഹിക്കപ്പെടാൻ പ്രയാസപ്പെടുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികളെന്നും പല കാരണങ്ങളാൽ മത്സ്യബന്ധനം സാധ്യമാവാത്ത സാഹചര്യങ്ങളിൽ ഇവരുടെ ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യതയെയും അംബാസഡർ ഓർമിപ്പിച്ചു. പരിപാടിയിൽ ഐ.സി.ബി.എഫ് ചീഫ് ഓപറേറ്റിങ് ഓഫിസറും ഫസ്റ്റ് സെക്രട്ടറിയുമായ വൈഭവ് തണ്ഡാലെയും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി 250 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളികൾ അടക്കം പ്രയാസം അനുഭവിക്കുന്നവരുടെ കാര്യത്തിൽ ഐ.സി.ബി.എഫും ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളും നടത്തിവരുന്ന പ്രവർത്തനങ്ങളെ വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി വിവരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഖത്തർ തമിഴ് സംഘം പ്രസിഡന്റ് മണിഭാരതി എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മാനേജ്മെൻറ് കമ്മിറ്റി അംഗം സെറീന അഹദ് കോഓഡിനേഷൻ നിർവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റിയംഗം അബ്ദുറഊഫ് കൊണ്ടോട്ടി ഇൻഷുറൻസ് നടപടികൾ വിശദീകരിച്ചു. മാനേജ്മെന്റ് കമ്മിറ്റിയംഗം ശങ്കർ ഗൗഡ് നന്ദി പ്രകാശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.