ദോഹ: സമൂഹ മാധ്യമ ഉള്ളടക്കങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ലൈസൻസ് ഏർപ്പെടുത്താൻ നിർദേശിച്ച് ഖത്തർ ശൂറാ കൗൺസിൽ. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ശൂറാ കൗൺസിൽ യോഗം ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചു. ദേശീയതയും, ധാർമികതയും ഉറപ്പാക്കുക, വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റം തടയുകയും, അനിയന്ത്രിതമായ പരസ്യങ്ങളുടെ വ്യാപനം തടയാനുമായി സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന് ബന്ധപ്പെട്ട അധികാരികളിൽനിന്നും ലൈസൻസ് ഉറപ്പാക്കുകയാണ് ഇതുവഴി നിർദേശിക്കുന്നത്.
സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ ദേശീയ-സാമൂഹിക ഐക്യത്തിന് ഹാനികരമല്ലെന്നും വിദ്വേഷ പ്രസംഗങ്ങൾ, വിവേചനം, അക്രമം എന്നിവ ഒഴിവാക്കുകയും സാംസ്കാരിക പൈതൃകം, മൂല്യങ്ങൾ, ദേശീയ സ്വത്വം എന്നിവയെ മാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ സാമൂഹിക ഉത്തരവാദിത്തവും വിശ്വാസ്യത, ബൗദ്ധിക സ്വത്തവകാശം, സുതാര്യത, തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയവുമായ വിവരങ്ങൾ ഒഴിവാക്കുക എന്നിവയും ഉൾക്കൊള്ളുന്ന പെരുമാറ്റച്ചട്ടത്തോടെയാവും ലൈസൻസ് നൽകുന്നത്.
വിവിധ കക്ഷികളും വിദഗ്ധരുമായി നടത്തിയ ചർച്ചകളിലൂടെ തയാറാക്കിയ നിർദേശങ്ങൾ വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ഇൻഫർമേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അഹ്മദ് അൽ ഉബൈദാൻ നിർദേശങ്ങൾ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് സമൂഹ മാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിർദേശം കാബിനറ്റിന് സമർപ്പിക്കാൻ തീരുമാനിച്ചത്.
അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന അവകാശങ്ങളാണെങ്കിലും സ്വദേശികളും താമസക്കാരും പൊതുചട്ടങ്ങളും ധാർമികതയും ദേശീയ പാരമ്പര്യവും മാനിക്കണമെന്ന് ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.