ദോഹ: സൗദി അറേബ്യയിലെ റിയാദിൽ നടന്ന അറബ് ഇസ്ലാമിക ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹീം റഈസിയുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ചേർന്ന അടിയന്തര ഉച്ചകോടിക്കെത്തിയപ്പോഴാണ് അമീറും ഇറാൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തലിനും മാനുഷിക സഹായങ്ങൾക്കുമായുള്ള പരിശ്രമങ്ങളുടെ തുടർച്ചയായിരുന്നു ഇത്. ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇയും ഈജിപ്തും സന്ദർശിച്ച ഖത്തർ അമീർ, വെള്ളിയാഴ്ച വൈകുന്നേരം തന്നെ റിയാദിലെത്തിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനികളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിനും അറബ്, ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ഉറപ്പാക്കുന്നതു സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഫലസ്തീനികൾക്ക് നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കിയും സംഘർഷം പൂർണമായും അവസാനിപ്പിക്കാതെയും മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും സാധ്യമല്ലെന്ന് ചർച്ചയിൽ വ്യക്തമാക്കിയതായി അമീർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി ഉൾപ്പെടെ മുതിർന്ന നേതാക്കളും അമീറിനൊപ്പമുണ്ടായിരുന്നു.
ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിയാനും പങ്കെടുത്തു. മോറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ഉലദ് ശൈഖ് അൽ ഗസൗനിയുമായി അമീർ റിയാദിൽ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.