ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സ്ഥാനാരോഹണത്തിന്റെ പത്തു വർഷം പൂർത്തിയായതിന്റെ ഓർമക്കായി പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഖത്തർ പോസ്റ്റ്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ പുറത്തിറക്കിയ സ്റ്റാമ്പ് വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽമന്നാഇ ഉദ്ഘാടനം ചെയ്തു.
സ്ഥാനാരോഹണത്തിന്റെ പത്തു വർഷങ്ങൾ എന്ന് രേഖപ്പെടുത്തിയ ആറ് വ്യത്യസ്ത തപാൽ സ്റ്റാമ്പുകളാണ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. അമീറിന്റെ ചിത്രങ്ങൾക്കൊപ്പം ഖത്തറിന്റെ അടയാളങ്ങളായ വിവിധ നിർമാണങ്ങൾ പശ്ചാത്തലത്തിൽ ചേർത്തുകൊണ്ടാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ലുസൈലിലെ കതാറ ടവറും ദോഹ കോർണിഷിലെ കെട്ടിടങ്ങളും ഫനാർ പള്ളിയും അസ്സബാഹ് കോറിഡോറും ഉൾപ്പെടെ ഖത്തറിന്റെ ചരിത്രപ്രധാന നിർമിതികളാണ് ആലേഖനം ചെയ്തത്.
2018ൽ അമീറിന്റെ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികത്തിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ തുടർച്ചയായാണ് ഇപ്പോൾ പത്താം വർഷത്തിലെയും തപാൽ മുദ്രകൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഭരണസാരഥ്യത്തിനു കീഴിൽ കഴിഞ്ഞ പതിറ്റാണ്ടുകാലത്തെ രാജ്യത്തിന്റെ നേട്ടങ്ങളും മികവുകളും അടയാളപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് പ്രത്യേക സ്റ്റാമ്പുകളെന്ന് ഖത്തർ പോസ്റ്റ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഫലഹ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.
ഖത്തർ പോസ്റ്റിന്റെ ഫിലാറ്റിക് ആൻഡ് മ്യൂസിയം വിഭാഗത്തിനു കീഴിൽ മികച്ച നിലവാരത്തിലുള്ള ആറ് സ്റ്റാമ്പുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. സ്റ്റാമ്പ് പരമ്പരയുടെ ഭാഗമായി ഗോൾഡ് സ്റ്റാമ്പ് 24 കാരറ്റ് ഗോൾഡൻ സ്റ്റാമ്പ് എന്നിവയും പുറത്തിറക്കുന്നതായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.