ദോഹ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി സംരക്ഷണങ്ങൾക്കുമായി ബൃഹത്തായ കർമപദ്ധതികളുമായി ഖത്തർ. 2030 ലക്ഷ്യം വെച്ചുള്ള വിവിധോദ്ദേശ കർമപദ്ധതികൾ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പുറത്തിറക്കി.
2030ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 25 ശതമാനം കുറക്കുന്നത് മുതൽ, ഭൂഗർഭജല ഉപയോഗം 60 ശതമാനംവരെ കുറക്കുക, വൃത്തിഹീനമായ എല്ലാ മാലിന്യനിക്ഷേപങ്ങളും അടച്ചുപൂട്ടുക, കൃഷിഭൂമികളുടെ ഉൽപാദനക്ഷമത 50 ശതമാനം വർധിപ്പിക്കുക തുടങ്ങി വായു, ജല, ജൈവവൈവിധ്യ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ബൃഹത്തായ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായി സാധ്യമായ എല്ലാ മേഖലകളിലൂടെ ഹരിതഗൃഹവാതക ബഹിർഗമനം കുറക്കാനുള്ള മാർഗങ്ങൾക്ക് വ്യക്തമായ രൂപരേഖയും അവതരിപ്പിച്ചു.
ഖത്തര്‍ പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന കർമപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ വിവിധ വകുപ്പു മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, വ്യാപാര-വ്യവസായ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകളുടെയും ഗവേഷണങ്ങളുടെയും ഫലമായാണ് ഈ പ്രഖ്യാപനം. മന്ത്രാലയങ്ങളും വകുപ്പുകളും ഉൾപ്പെടെ സർക്കാറിെൻറ 20 സ്ഥാപനങ്ങൾ, രാജ്യാന്തര തലത്തിൽനിന്നുള്ള 50ഓളം വിഷയവിദഗ്ധർ എന്നിവരുടെ ശ്രമഫലമായാണ് കർമപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിെൻറ ദുരന്തഫലങ്ങൾ വെളിപ്പെടുത്തുന്ന ഹ്രസ്വവിഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിലൂടെയും സുസ്ഥിര വികസന മാർഗങ്ങളിലൂടെയും രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറച്ച്, 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാര്‍ബണ്‍ തീവ്രത 25 ശതമാനം കുറക്കുന്നതിനും പദ്ധതി വിഭാവനംചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദകർ കൂടിയായ ഖത്തര്‍ 2027ഓടെ ഉൽപാദനം ഗണ്യമായി കൂട്ടാന്‍ തീരുമാനിച്ചിരുന്നു.
എണ്ണ, കൽക്കരി തുടങ്ങി മലിനീകരണ തോത് കൂടുതലുള്ള ഇന്ധനങ്ങളിൽനിന്ന് പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് മാറുകയെന്നതാണ് ആഗോളതാപനം കുറക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഖത്തറിെൻറ സംഭാവനകള്‍ വലുതാണ്. റിയാദില്‍ ചേര്‍ന്ന പശ്ചിമേഷ്യന്‍ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്കനുസൃതമായാണ് ഖത്തറിെൻറ പുതിയ പ്രഖ്യാപനം.
2060ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഗ്ലാസ്ഗോയില്‍ നടക്കുന്ന സുപ്രധാന സി.ഒ.പി 26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അറബ് മേഖലയുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും.
2022 ലോകകപ്പിലും ഖത്തർ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യവും പരിസ്ഥിതി സൗഹൃദ ലോകകപ്പ് എന്നതാണ്.
•ഹരിതഗൃഹ വാതക ബഹിർഗമനം; അന്തരീക്ഷ വായു നിലവാരം: ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് 25 ശതമാനം കുറക്കുക, 2024ഓടെ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന നിലവാരത്തിലേക്ക് അന്തരീക്ഷ വായുവിെൻറ നിലവാരം ഉയർത്തുക, വായുവിെൻറ നിലവാരം അളക്കാനുള്ള 30ഓളം നാഷനൽ നെറ്റ്വർക് മെഷർമെൻറ് സ്റ്റേഷൻ സ്ഥാപിക്കുക.
•ജൈവവൈവിധ്യം: വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളെ സംരക്ഷിക്കുക, ആരോഗ്യകരമായ പരിസ്ഥിതിയുടെയും ജൈവ വിഭവങ്ങളുടെയും സംരക്ഷണത്തിനായി ഭൂമിയുടെ 25 ശതമാനം സംരക്ഷണം ഉറപ്പുവരുത്തുക, ബോധവത്കരണം സജീവമാക്കുക.
•വെള്ളം: ഭൂഗർഭ, കടൽജല, കുടിവെള്ളങ്ങളുടെ ഉറവിടവും ഉപയോഗവും കൃത്യമായി നിരീക്ഷിക്കുക, വെള്ളം പാഴാവുന്നത് കുറക്കുക, ഭൂഗർഭ ജല ഉപയോഗം കുറക്കുക, വീടുകളിലെ ജല ഉപയോഗ അളവ് കണ്ടെത്തുക, 100 ശതമാനം വെള്ളവും ശുദ്ധീകരിച്ച് പുനരുപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.