ദോഹ: റമദാൻ നോമ്പിന്റെ തിരക്കിനിടയിൽ ഗൾഫ്, അറബ് രാജ്യങ്ങളിലെ സ്റ്റാമ്പ്, നാണയ ശേഖരണക്കാരെല്ലാം ഒത്തുചേർന്ന് തിരക്കുപിടിച്ച ലേലം. കഴിഞ്ഞ ദിവസമായിരുന്നു ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെയും ഖത്തർ സ്റ്റാമ്പ്-നാണയ ശേഖരണ കേന്ദ്രം (ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സെന്റർ-ക്യു.പി.എൻ.സി)യുടെയും നേതൃത്വത്തിൽ 24ാമത് റമദാൻ ലേലത്തിന് വേദിയായത്. ഖത്തറിലെയും സൗദി, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലെയും സ്റ്റാമ്പ്-നാണയശേഖരണം ഹരമാക്കിയവരെല്ലാം ഒത്തുചേർന്ന് പരസ്പരം ഇഷ്ടപ്പെട്ടത് വിളിച്ച് സ്വന്തമാക്കി.
സ്റ്റാമ്പ്, പോസ്റ്റ് കാർഡ്, മെഡൽ, എൻവലപ് ഉൾപ്പെടെ 258ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റഴിഞ്ഞു. ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ള നാണയ-സ്റ്റാമ്പ് ശേഖരണക്കാരുടെ ഒത്തുചേരലായി മാറിയ വേദിയിൽ വ്യത്യസ്തമായ അപൂർവ ശേഖരങ്ങൾ ലേലത്തിലൂടെ പരസ്പരം പങ്കുവെച്ചതായി ക്യു.പി.എൻ.സി ഡയറക്ടർ ഹുസൈൻ റജബ് അൽ ഇസ്മായിൽ പറഞ്ഞു. ലേലത്തിന്റെ ഭാഗമായി ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ അലി ആൽഥാനി ഹാളിൽ പ്രദർശനവും ഫെസ്റ്റിവലും നടന്നു.
1950 മുതൽ ഖത്തർ പുറത്തിറക്കിയ സ്റ്റാമ്പുകളുടെയും കറൻസികളുടെയും മറ്റുമായി വിപുലമായ പ്രദർശനമാണ് നടന്നത്. സെന്ററിനു കീഴിൽ മുഴുവൻ ശേഖരങ്ങളുടെ സ്ഥിര പ്രദർശനവും നടക്കുന്നുണ്ട്. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഖത്തർ ദേശീയദിനത്തിൽ ദർബ് അൽ സാഇ വേദിയിൽ ക്യു.പി.എൻ.സി നേതൃത്വത്തിൽ പ്രദർശനവും നടത്തിയിരുന്നു. നാണയ, സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയ ഖത്തറിലെ നിരവധിപേർ അംഗങ്ങളായുള്ള ക്യു.പി.എൻ.സി വിശേഷദിവസങ്ങളിൽ വിഷയാധിഷ്ഠിതമായി നടത്തുന്ന പ്രദർശനങ്ങൾ ആയിരങ്ങളെ ആകർഷിക്കുന്നതാണ്. കഴിഞ്ഞ കായിക ദിനത്തിൽ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് സ്പോർട്സ് സ്റ്റാമ്പുകളുടെ പ്രദർശനം ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകളാണ് ശേഖരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.