ദോഹ: യുവകലാസാഹിതി ഖത്തർ 17ാം വാർഷികാഘോഷമായ ‘യുവകലാസന്ധ്യ’പ്രമുഖരുടെ സാന്നിധ്യത്തിൽ വിവിധ കല-സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി നിയുക്ത ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര താരം സ്വാസിക മുഖ്യാതിഥി ആയിരുന്നു.
മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള യുവകലാസാഹിതി ഖത്തർ സഫിയ അജിത്ത് സ്ത്രീശക്തി അവാർഡ് 2023 ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജക്ക് എ.പി. മണികണ്ഠൻ സമർപ്പിച്ചു.
സി.കെ. ചന്ദ്രപ്പന്റെ പേരിൽ ഏർപ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സംഘത്തിന് ഐ.സി.ബി.എഫ് നിയുക്ത പ്രസിഡന്റ് ഷാനവാസ് ബാവ സമ്മാനിച്ചു.
ഗിന്നസ് റെക്കോഡ് പ്രകടനം നടത്തിയ ഷകീർ ചീരായിയെ ഐ.എസ്.സി നിയുക്ത പ്രസിഡന്റ് ഇ.പി അബ്ദുറഹിമാനും, എജുക്കേഷനൽ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയകാലംകൊണ്ട് കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനെ വനിതകലാസാഹിതി പ്രസിഡന്റ് ഷാന ലാലുവും ആദരിച്ചു.
യുവകലാസന്ധ്യ സുവനീർ പ്രകാശനം ആനി രാജക്ക് നൽകി സുവനീർ കമ്മിറ്റി കൺവീനർ എം. സിറാജ് നിർവഹിച്ചു.
കോവിഡ് മഹാമാരി കാലത്തും ഫിഫ വേൾഡ് കപ്പിലും ഖത്തറിൽ വിശിഷ്ട സേവനം നടത്തിയ യുവകലാസാഹിതിയുടെ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരവിജയികൾക്ക് സിനിമ താരം സ്വാസിക ഉപഹാരം നൽകി.
സജിലി സലീം നയിച്ച സംഗീത സന്ധ്യയിൽ ഖത്തറിലെ ഗായകരായ മണികണ്ഠൻ, റിയാസ് കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവർ ഗാനം ആലപിച്ചു. സ്വസ്തി അക്കാദമി ഫോർ എക്സലൻസ് നർത്തകരുടെ ഫ്യൂഷൻ ഡാൻസ് അരങ്ങേറി.
യുവകലാസാഹിതി പ്രസിഡന്റ് അജിത്ത് പിള്ള അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, യുവകലാസാഹിതി ട്രഷറർ സരിൻ കക്കത്, വനിതകലാസാഹിതി സെക്രട്ടറി സിത്താര രാജേഷ് എന്നിവർ സംസാരിച്ചു.
യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി പുത്തൂരാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.