ദോഹ: അറബി ഭാഷയെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും നിയമം ശൂറാ കൗൺസിലിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. എല്ലാ സർക്കാർ–സർക്കാരിതര സ്ഥാപനങ്ങളും സംരംഭങ്ങളും അറബി ഭാഷയെ സംരക്ഷിക്കുന്നതിനുള്ള മുഴുവൻ പരിപാടികളിലും പ്രവർത്തനങ്ങളിലും തങ്ങളുടെ സന്നദ്ധത പ്രകടമാക്കണമെന്നും പിന്തുണ നൽകണമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സംരംഭങ്ങളും സ്ഥാപനങ്ങളും, സർക്കാർ–സർക്കാരിതര അസോസിയേഷനുകൾ, പൊതു താൽപര്യം ലക്ഷ്യം വെച്ചുള്ള സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവർ തങ്ങളുടെ യോഗങ്ങൾക്കും ചർച്ചകൾക്കും അറബി ഭാഷ ഉപയോഗപ്പെടുത്തണമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം സർക്കാർ നൽകുമെന്നും നിയമത്തിൽ പറയുന്നു.
കൂടാതെ എല്ലാ തീരുമാനങ്ങളും ഉത്തരവുകളും നിർദേശങ്ങൾ, രേഖകൾ, കരാറുകൾ, ധാരണാപത്രങ്ങൾ, എഴുത്തുകുത്തുകൾ, പരിപാടികൾ, ലേബലുകൾ, പ്രസിദ്ധീകരണങ്ങൾ, വീഡിയോ–ഓഡിയോ പരിപാടികൾ, എഴുതിത്തയ്യാറാക്കിയ പ്രഖ്യാപനങ്ങൾ, മറ്റു വ്യവഹാരങ്ങൾ എന്നിവയിലും അറബി ഭാഷ ഉപയോഗിക്കണമെന്നും കരട് നിയമം അനുശാസിക്കുന്നു. നിയമം നടപ്പിലായി ആറ് മാസത്തിനകം എല്ലാ സ്ഥാപനങ്ങളും നിയമത്തിെൻറ പരിധിയിൽ വരികയും നിയമനിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.