ദോഹ: അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യിലേക്ക് ഖത്തറിന്റെ സഹായത്തോടെ കടം തിരിച്ചടക്കാൻ അർജന്റീന. ഐ.എം.എഫിലേക്കുള്ള തിരിച്ചടവിനായി 775 ദശലക്ഷം ഡോളറാണ് വായ്പാടിസ്ഥാനത്തിൽ ഖത്തർ അർജന്റീനക്ക് അനുവദിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വിദേശ കരുതൽ ശേഖരം റെക്കോഡ് താഴ്ചക്ക് സമീപത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുള്ള തെക്കേ അമേരിക്കൻ രാഷ്ട്രത്തിന്റെ ക്രിയാത്മക നടപടിയായാണ് ഖത്തറിൽനിന്നുള്ള വായ്പയെ കണക്കാക്കുന്നത്.
775 ദശലക്ഷം ഡോളറിന് തുല്യമായ വായ്പയാണ് ഖത്തർ നൽകുന്നതെന്ന് അർജന്റീനൻ സാമ്പത്തിക മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് ഒന്നിന് അർജന്റീന ഐ.എം.എഫിന് 454 ദശലക്ഷം ഡോളർ സാധാരണ പലിശയിനത്തിൽ നൽകാനുണ്ടായിരുന്നു. എന്നാൽ, വായ്പയുമായി ബന്ധപ്പെട്ട സർചാർജുകൾ കൂടി ചേരുമ്പോൾ അടക്കാനുള്ള തുക 775 ദശലക്ഷം ഡോളറായി വർധിച്ചു.
മൗറിസിയോ മാകിരിയുടെ ഭരണകാലത്ത് 4400 കോടി ഡോളറിന്റെ റെക്കോഡ് വായ്പ നൽകി ഐ.എം.എഫ് അർജന്റീനയെ സഹായിച്ചിരുന്നു. ഒക്ടോബറിൽ അർജന്റീന പുതിയ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുമ്പോൾ കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാൻ രാജ്യം മുന്നോട്ടുവെച്ച പാരമ്പര്യേതര നടപടികളിൽ ഏറ്റവും പുതിയതാണ് ഖത്തറിൽ നിന്നുള്ള വായ്പ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.