ദോഹ: പൊതുമരാമത്ത് അതോറിറ്റിയിൽ (അഷ്ഗാൽ) വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന എൻജിനീയർമാരിൽ 55 ശതമാനവും ഖത്തർ പൗരന്മാരാണെന്ന് അഷ്ഗാൽ ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവി റാഷിദ് അൽ ഹാജിരി.
കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ അഷ്ഗാലിലേക്കുള്ള എൻജിനീയർമാരുടെ റിക്രൂട്ട്മെന്റിൽ 160 ശതമാനം സ്വദേശിവത്കരണ നിരക്ക് കൈവരിച്ചതായും അതിന് മുമ്പുള്ള നാല് വർഷത്തിനിടയിൽ ഇത് 120 ശതമാനമായിരുന്നുവെന്നും പ്രാദേശിക അറബി ദിനപത്രമായ അർറായക്ക് നൽകിയ അഭിമുഖത്തിൽ റാഷിദ് അൽ ഹാജിരി പറഞ്ഞു.
നേരത്തെ 120 ഖത്തരി എൻജിനീയർമാർ മാത്രമായിരുന്നു അഷ്ഗാലിലുണ്ടായിരുന്നത്. ഇപ്പോൾ ഏകദേശം 650 ഖത്തരി പുരുഷ-വനിത എൻജിനീയർമാരുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും വർഷങ്ങളായി അഷ്ഗാൽ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിലെ നട്ടെല്ലാണ് ഈ ഖത്തരി എൻജിനീയർമാരെന്നും അൽ ഹാജിരി ചൂണ്ടിക്കാട്ടി.
ഖത്തർ ദേശീയ വിഷൻ 2030നെ അടിസ്ഥാനമാക്കിയുള്ളതാണ് സ്വദേശിവത്കരണ പദ്ധതി. ഖത്തരി മനുഷ്യവിഭവശേഷിയെ റിക്രൂട്ട് ചെയ്യുക, വികസിപ്പിക്കുക, ശാക്തീകരിക്കുക എന്നിവയിലാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.അതോറിറ്റിയിൽ ഉയർന്ന കാര്യക്ഷമതയുള്ള പൗരന്മാരായ ജീവനക്കാരെ ഉയർത്തിക്കൊണ്ടുവരുകയെന്നത് പ്രധാന നേട്ടമാണെന്നും കാര്യക്ഷമത, വേഗത, കൃത്യത, മികവ് എന്നിവയിലൂടെ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശക്തമായ അടിത്തറ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.