ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനൊപ്പം ആരാധകർക്ക് നാടുനിറയെ ആഘോഷങ്ങളുമൊരുക്കി ഖത്തർ ടൂറിസം. വിദേശങ്ങളിൽ നിന്ന് കളികാണാനെത്തുന്ന കാണികളെ കൂടി പ്രതീക്ഷിച്ച് ഷോപ്പിങ് ഫെസ്റ്റിവൽ മുതൽ വിവിധ വിനോദ പരിപാടികളും സംഗീത ഷോ, മ്യൂസിയം -പ്രദർശനങ്ങൾ എന്നിവ അണിനിരക്കുന്നതാണ് ഏഷ്യൻ കപ്പ് സ്പെഷലുകൾ.
വിവിധ മാളുകളെയും വമ്പൻ വാണിജ്യ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള ഷോപ്പിങ് മേളയായ ഷോപ് ഖത്തറിന് പുതുവർഷത്തിൽത്തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു. രാജ്യത്തെ 13 മാളുകളിലായാണ് ആകര്‍ഷകമായ സമ്മാനങ്ങളുമായി ഷോപ്പിങ് ഉത്സവം നടക്കുന്നത്. ജനുവരി 27 വരെ തുടരും. ഭക്ഷണപ്രിയര്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിയറിയാല് ഫെബ്രുവരി ഏഴ് മുതല്‍ 17 വരെ ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ അരങ്ങേറും. എക്സ്പോയിലെ ഫാമിലി സോണാണ് വേദി. ജ്വല്ലറി, വാച്ച് വിപണികളിലെ ആഡംബര കാഴ്ചകളുമായി ഡി.ജെ.ഡബ്ല്യു.ഇ ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചിന് തുടങ്ങും. സംഗീതാസ്വാദകര്‍ക്കായി കൊറിയന്‍ പോപ് ബാൻഡും അറബ് ഗായകന് വഫീഖ് ഹബീബും ഉള്‍പ്പെടെയുള്ള കാലാകാരന്മാരും അരങ്ങിലെത്തും.
ലോകകപ്പ് ഫുട്ബാളിന് സമാനമായി ഏഷ്യൻ കപ്പിനെത്തുന്ന ആരാധകർക്ക് ഉത്സവകാഴ്ചകൾ ഒരുക്കുന്നതാണ് ലുസൈൽ ബൊളെവാഡിൽ ആരംഭിക്കുന്ന ‘ഹലോ ഏഷ്യ’ ആഘോഷങ്ങൾ. ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ സന്ദർശകർക്ക് വിവിധ ആസ്വാദനങ്ങൾ സംഘാടകർ വാഗ്ദാനം ചെയ്യുന്നു. ലൈറ്റ് ഷോ, കൾചറൽ ഫ്ലാഗ്, ഭക്ഷണ കിയോസ്കുകൾ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന വിവിധ ആരാധകർക്കുള്ള ഫാൻസ് ഷോ എന്നിവയും ഇവിടെ അരങ്ങേറും. വിവിധ ദേശീയ ടീമുകളുടെ സാംസ്കാരിക സാന്നിധ്യം കൂടി പ്രകടമാവുന്ന കലാകാരന്മാരുടെ പരേഡിനും ബൊളെവാഡ് സാക്ഷ്യം വഹിക്കും.
വിവിധ ഭാഗങ്ങളിൽ രാത്രി മാർക്കറ്റുകളും ബാസറും സജീവമാകും. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം പരിസരത്തെ ദുഹൈൽ നൈറ്റ് മാർക്കറ്റ്, ആസ്പയർ പാർക്കിലെ ‘ദി ഡൗൺടൗൺ’ എന്നിവ സന്ദർശകർക്ക് പുതിയ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. എജുക്കേഷൻ സിറ്റിയിലെ ശനിയാഴ്ചകളിലെ തോർബ ഫാർമേഴ്സ് മാർക്കറ്റിലും സന്ദർശകർക്കെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.